മനാമ– ഹൂറ ഭവന പദ്ധതി ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ജനാഹി എംപി. ഹൂറയിൽ 51 ഭവന അപേക്ഷകൾ മാത്രമാണ് കെട്ടികിടക്കുന്നതെന്നും ഇതിൽ 20 വർഷങ്ങൾക്ക് മുമ്പ് സമർപ്പിച്ച അപേക്ഷകൾ വരെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലമായി ചർച്ച ചെയ്യപ്പെടുന്ന പദ്ധതി കാലതാമസമില്ലാതെ ആരംഭിക്കണമെന്നായിരുന്നു മുഹമ്മദ് ജനാഹി എംപി ഭവന മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. 2003, 2004, 2006 വർഷങ്ങളിലെ അപേക്ഷകൾ ഇപ്പോഴും പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഉടൻ നടപ്പിലാക്കേണ്ടതിന്റെ ആവശ്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഒരുപാട് കുടുംബങ്ങൾ കഴിയുന്നത് മോശം വീടുകളിൽ ആണെന്നും വർഷങ്ങളായി അവർക്ക് ലഭിക്കാതിരുന്ന സ്ഥിരത ഇതുവഴി ഉറപ്പ് നൽകാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭവന നിർമ്മാണത്തിലെ കുടിശ്ശിക പരിഹരിക്കുന്നതിനായി ബെയ്ത് അൽ ഖുർആനിനടുത്തുള്ള രണ്ട് പ്ലോട്ടുകളിൽ ഭവന യൂണിറ്റുകളോ അപ്പാർട്ട്മെന്റ് ബ്ലോക്കുകളോ നിർമ്മിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.