ജിദ്ദ – സൗദിയില്‍ 24,000 ലേറെ ഭവന യൂണിറ്റുകള്‍ നിര്‍മിക്കാന്‍ വന്‍കിട ചൈനീസ് കമ്പനികളുമായി കരാറുകളിൽ ഒപ്പുവെച്ച് നാഷണല്‍ ഹൗസിംഗ് കമ്പനി. നഗരസഭാ, ഭവനകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈലിന്റെ ദ്വിദിന ചൈന സന്ദര്‍ശനത്തിനിടെയാണ് കരാറുകളിൽ ഒപ്പുവെച്ചത്. 2030 ഓടെ സൗദിയില്‍ ഒരു ലക്ഷം പാര്‍പ്പിട യൂണിറ്റുകള്‍ നിര്‍മിക്കാനുള്ള സൗദി-ചൈനീസ് പദ്ധതിയുടെ ഭാഗമായാണ് നീക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച സഹകരണമായാണ് ഈ കരാറുകളെ കാണുന്നതെന്ന് മാജിദ് അല്‍ഹുഖൈല്‍ പറഞ്ഞു. സാങ്കേതിക സഹകരണത്തില്‍ നിന്ന് പദ്ധതി നിര്‍വഹണത്തിലേക്ക് സൗദി, ചൈന പങ്കാളിത്തം മാറിയിരിക്കുന്നു. ഭവന നിര്‍മാണ, അടിസ്ഥാന സൗകര്യ മേഖലകള്‍ വികസിപ്പിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ ഈ ചുവടുവെപ്പ് ശക്തിപ്പെടുത്തുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു.
സൗദിയില്‍ 870 കോടി റിയാല്‍ ചെലവില്‍ 20,000 ഭവന യൂണിറ്റുകള്‍ നിര്‍മിക്കാനായി മാജിദ് അല്‍ഹുഖൈല്‍ സെവന്‍ത് ബ്യൂറോ ഓഫ് ചൈന കണ്‍സ്ട്രക്ഷനുമായി ഫ്രെയിംവര്‍ക്ക് കരാറില്‍ ഒപ്പുവെച്ചു. സി.എ.സി.സി കമ്പനിക്ക് മറ്റൊരു ഭവന പദ്ധതി കരാറും നല്‍കി. നാഷണല്‍ ഹൗസിംഗ് കമ്പനിക്കു കീഴിലെ സപ്ലൈപ്രോ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി വിതരണ ശൃംഖലകളെ പിന്തുണക്കാനും നിര്‍മാണ വ്യവസായങ്ങളെ പ്രാദേശികവല്‍ക്കരിക്കാനുമുള്ള കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്.
പവര്‍ ചൈന, എം.സി.സി, സി.എം.ഇ.സി, സി.ഐ.ടി.ഐ.സി ഗ്രൂപ്പ്, സി.എ.സി.സി, സെവന്‍ത് ബ്യൂറോ ഓഫ് ചൈന കണ്‍സ്ട്രക്ഷന്‍ എന്നിവയുടെ മേധാവികളുമായി സന്ദര്‍ശനത്തിനിടെ സൗദി നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രി കൂടിക്കാഴ്ചകള്‍ നടത്തി. വ്യാവസായിക നിര്‍മാണത്തിലും ആധുനിക നിര്‍മാണത്തിലും സഹകരണത്തിനുള്ള അവസരങ്ങള്‍ കൂടിക്കാഴ്ചകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. എം.സി.സിയുമായി സഹകരിച്ച് ആയിരത്തിലേറെ ഭവന യൂണിറ്റുകളും പവര്‍ ചൈന/സിനോഹൈഡ്രോയുമായി ചേര്‍ന്ന് 1,800 പാര്‍പ്പിട യൂണിറ്റുകളും നടപ്പാക്കിയത് അടക്കം നിലവില്‍ കൈവരിച്ച നേട്ടങ്ങള്‍ കൂടിക്കാഴ്ചകള്‍ക്കിടെ അവലോകനം ചെയ്തു. 20,000 ഭവന യൂണിറ്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയില്‍ പങ്കെടുക്കാന്‍ രണ്ട് കമ്പനികളെയും സൗദി മന്ത്രി പ്രോത്സാഹിപ്പിച്ചു.
ഭവന ഉടമസ്ഥതാ അനുപാതം 70 ശതമാനമായി ഉയര്‍ത്തുക, റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ സുസ്ഥിരത വര്‍ധിപ്പിക്കുക, പ്രാദേശിക ഉള്ളടക്കത്തെ പിന്തുണക്കുകയും ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന നിക്ഷേപ, വ്യാവസായിക അവസരങ്ങള്‍ നല്‍കുക എന്നിവ ഉള്‍പ്പെടുന്ന വിഷന്‍ 2030 ന്റെ ഭാഗമായ ഭവന പദ്ധതി ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഈ പദ്ധതികള്‍ സഹായിക്കുമെന്ന് മാജിദ് അല്‍ഹുഖൈല്‍ വിശദീകരിച്ചു. പദ്ധതി ഗുണനിലവാരം മെച്ചപ്പെടുത്താനും നിര്‍മാണ വേഗത ത്വരിതപ്പെടുത്താനുമായി അന്താരാഷ്ട്ര പങ്കാളിത്തങ്ങള്‍ വികസിപ്പിക്കുന്നത് മന്ത്രാലയം തുടരുമെന്നും മന്ത്രി പറഞ്ഞു