സനാ– യമനിൽ 17 ദശലക്ഷത്തിലധികം ആളുകൾ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ വിഭാഗത്തിന്റെ തലവൻ ടോം ഫ്ലെച്ചർ. ആഭ്യന്തരയുദ്ധം നേരിടുന്ന അറബ് ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യമാണ് യമൻ. അവിടെ 2023 അവസാനം മുതൽ ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ടോം ഫ്ലെച്ചർ യുഎൻ സുരക്ഷാ സമിതിയെ അറിയിച്ചു. സെപ്റ്റംബറോടെ പട്ടിണി കിടക്കുന്നവരുടെ എണ്ണം 18 ദശലക്ഷമായി ഉയരുമെന്നും കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം അടുത്ത വർഷം ആദ്യം 1.2 ദശലക്ഷമായി ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമീപകാലത്ത് ഐക്യരാഷ്ട്രസഭ ഇത്രയും ഗുരുതരമായ ദാരിദ്ര്യത്തിനോ മാനുഷിക പ്രതിസന്ധിക്കോ സാക്ഷ്യം വഹിച്ചിട്ടില്ല. 2022 ന്റെ തുടക്കത്തിൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ ഒരു വെടിനിർത്തൽ നിലവിൽ വന്നിരുന്നു, അതിന് മുമ്പുള്ള സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ പോലും ഇത്രയും രൂക്ഷമായൊരു അവസ്ഥ മുമ്പുണ്ടായിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു. മാനുഷിക സഹായത്തിനുള്ള ആഗോള ധനസഹായം കുറയുന്നതിനാലാണ് ഇത് സംഭവിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, മെയ് പകുതി വരെ യമനിനു വേണ്ടിയുള്ള യുഎന്നിന്റെ 2.5 ബില്യൺ ഡോളർ അഭ്യർത്ഥനയ്ക്ക് ലഭിച്ചത് വെറും 222 മില്യൺ ഡോളറാണ്. ഇത് വെറും 9 ശതമാനം മാത്രമാണ്.
2024 ൽ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതർ തലസ്ഥാനമായ സനാ പിടിച്ചടക്കിയതു മുതല്‍ യമനില്‍ ആഭ്യന്തരയുദ്ധം നടക്കുകയാണ്. യുദ്ധം യമനെ നശിപ്പിക്കുകയും ലോകത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തങ്ങളിലൊന്ന് സൃഷ്ടിക്കുകയും ചെയ്യുകയാണ്. പോരാളികളും സാധാരണക്കാരും ഉൾപ്പെടെ 150,000 ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.