അബൂദാബി– സ്വകാര്യ പണമിടപാട് സ്ഥാപനമായ മാലിക് എക്‌സ്‌ചേഞ്ചിന് 20 ലക്ഷം ദിർഹം (ഏകദേശം 4.74 കോടി ഇന്ത്യൻ രൂപ) പിഴ ചുമത്തി യുഎഇ സെൻടൽ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കൽ കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. കൂടാതെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. സെൻട്രൽ ബാങ്ക് നടത്തിയ അന്വേഷണത്തിൽ കമ്പനി നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
രാജ്യത്തെ എല്ലാ മണി എക്‌സ്‌ചേഞ്ച് ഹൗസുകളും യുഎഇയി നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സ്ഥിരമായി പരിശോധിക്കുന്നുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.
ഇതിനു മുമ്പും പല ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് എതിരെയും ബാങ്ക് നടപടികൾ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മുമ്പ് യാസ് തകഫുൽ പിജെഎസ്സി എന്ന ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ 11ന് ലൈസൻസിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അൽ ഖസ്‌ന ഇൻഷുറൻസ് കമ്പനിയുടെയും രജിസ്‌ട്രേഷൻ റദ്ദാക്കുകയും മാർച്ചിൽ നികുതി മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് വിവിധ ഇൻഷുറൻസ് സ്ഥാപനങ്ങൾക്കെതിരെയും അഞ്ച് ബാങ്കുകൾക്കെതിരെയും 2.62 കോടി ദിർഹം പിഴയും സെൻട്രൽ ബാങ്ക് ചുമത്തിയിരുന്നു