കുവൈത്ത് സിറ്റി – കുവൈത്ത് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ രാജ്യക്കാരെയും സ്വാഗതം ചെയ്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ്. കുവൈത്ത് സന്ദർശിക്കാൻ വരുന്ന ഒരു രാജ്യക്കാര്‍ക്കും പ്രത്യേക നിയന്ത്രണങ്ങളില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ലോകത്ത് ഏറ്റവും വേഗത്തില്‍ ലഭിക്കുന്ന വിസകളിൽ ഒന്നാണ് കുവൈത്തിന്റെത്. വെറും അഞ്ച് മിനിറ്റിനുള്ളില്‍ വിസ ഇഷ്യു ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും മാനിക്കുന്നിടത്തോളം എല്ലാ വിദേശ പൗരന്മാരെയും കുവൈത്ത് സന്ദര്‍ശിക്കാന്‍ സ്വാഗതം ചെയ്യുന്നു. വിസിറ്റ് വിസകളുടെയും നേടാനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സേവന, സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന തുടര്‍ച്ചയായ നിയമനിര്‍മ്മാണ വികസനത്തിനാണ് കുവൈത്ത് സാക്ഷ്യം വഹിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ എല്ലാ മേഖലകളിലും ഈ വികസനം ലക്ഷ്യമിടുന്നു.
ഇതിന്റെ ഫലങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്നതാണ്. ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂയെന്ന്
ശൈഖ് ഫഹദ് വിശദീകരിച്ചു. പുതിയ ട്രാഫിക് നിയമത്തില്‍ ബദല്‍ പിഴ സമ്പ്രദായം അംഗീകരിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് അത് നടപ്പാക്കും. പ്രാദേശിക നിയമങ്ങള്‍ക്ക് അനുയോജ്യമായ മാതൃക വികസിപ്പിക്കുന്നതില്‍ ചില ഗള്‍ഫ് രാജ്യങ്ങളുടെ അനുഭവങ്ങള്‍ കുവൈത്ത് പ്രയോജനപ്പെടുത്തുന്നുണ്ട്.
ജി.സി.സി അംഗരാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിന് വിവര കൈമാറ്റത്തിനുമെല്ലാം ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. നിയമലംഘകര്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ ഉറപ്പാക്കുന്നതും വധശിക്ഷയുടെ പ്രയോഗം വിപുലീകരിക്കുന്നതുമായ പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമത്തില്‍ കുവൈത്ത് അമീര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഔദ്യോഗിക ഗസറ്റ് ആയ കുവൈത്ത് അല്‍യൗമില്‍ നിയമം വൈകാതെ പ്രസിദ്ധീകരിക്കും. ഇതോടെ നിയമം പ്രാബല്യത്തില്‍ വരും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്നത് കുറക്കുന്നതിൽ ജി.സി.സി രാജ്യങ്ങള്‍ വിജയിച്ചിട്ടുണ്ട്.
കുവൈത്തില്‍ സമുദ്ര, കര അതിര്‍ത്തികള്‍ ഒരുമിപ്പിക്കുന്ന നൂതന റഡാര്‍ സംവിധാനമുണ്ട്. വലിയ അളവില്‍ മയക്കുമരുന്ന് രാജ്യത്തേക്ക് കടക്കുന്നത് തടയാന്‍ ഇത് സഹായിച്ചിട്ടുണ്ടെന്നും ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ് അറിയിച്ചു.



