ദോഹ– ഖത്തറിലെ പ്രമുഖ സ്വകാര്യ മേഖലാ പ്രിസിഷൻ ഡയഗ്നോസ്റ്റിക് സെന്ററായ മൈക്രോ ഹെൽത്ത് ലബോറട്ടറീസ്, ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ബിനെവൊലന്റ് ഫോറവുമായി (ICBF) ധാരണാപത്രം ഒപ്പുവച്ചു. ഇതു വഴി ഖത്തറിലെ കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് സൗജന്യ റേഡിയോളജി സേവനങ്ങൾ ഉറപ്പ് വരുത്തും. ഖത്തറിലെ ഇന്ത്യൻ അംബാസഡർ, ശ്രീ വിപുലിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി & ഐസിബിഎഫ് കോ-ഓർഡിനേറ്റിങ് ഓഫീസറായ ശ്രീ ഐശ് സിങാൾ, ഐ.സി.ബി.എഫ് ഭാരവാഹികൾ, മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പ്രവാസി സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് അവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഇരുസംഘടനകളും പങ്കുവയ്ക്കുന്ന പ്രതിബദ്ധതയുടെ പ്രധാന നേട്ടമായാണ് ഈ സഹകരണം വിലയിരുത്തപ്പെടുന്നത്. പദ്ധതിയുടെ ഭാഗമായി, മൈക്രോ ഹെൽത്ത് ലബോറട്ടറീസ് രണ്ട് ലക്ഷം റിയാലിന്റെ സൗജന്യ റേഡിയോളജി പരിശോധനകൾ നൽകുമെന്ന് മൈക്രോ സാരഥികൾ അറിയിച്ചു. എക്‌സ്-റേ, അൾട്രാസൗണ്ട്, എം.ആർ.ഐ, സി.ടി. സ്കാൻ, മാമോഗ്രാഫി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കുറഞ്ഞ വരുമാനമുള്ളവർക്കു സാധാരണയായി സാമ്പത്തികമായി പ്രാപ്യമല്ലാത്തവർക്കും ലഭിക്കുന്ന സേവനങ്ങളാണിവ. ഐസിബിഎഫ് നിർദേശിക്കുന്ന രോഗികളെയാണ് ഗുണ ഭോക്താക്കളായി തിരഞ്ഞെടുക്കുക. ഇതിന് പുറമെ ഐ.സി.ബി.എഫ് റഫർ ചെയ്യുന്ന രോഗികൾക്ക് എല്ലാ ലബോറട്ടറി പരിശോധനകളിലും 30% ഇളവ് നൽകാനും മൈക്രോ ഹെൽത്ത് ലബോറട്ടറീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ അർഹരായ പ്രവാസികൾക്ക് ചികിത്സാ ചിലവ് ഗണ്യമായി കുറയുന്നു.
കഴിഞ്ഞ 16 വർഷത്തിലേറെയായി വിജയകരമായി നടപ്പിലാക്കി വരുന്ന, കുറഞ്ഞ നിരക്കിലുള്ള ജീവിത ശൈലീ രോഗ പരിശോധനാ ക്യാമ്പയ്ൻ മുഖേന രോഗ പ്രതിരോധ രംഗത്തെ മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ ദീർഘകാല പ്രതിബദ്ധതയിലേക്കുള്ള തുടർച്ചയായ ഒരു ചുവടുവെപ്പാണ് ഈ പദ്ധതി.
സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് ചെലവേറിയ റേഡിയോളജി സേവനങ്ങൾ ലഭ്യമാക്കിയതിന് മൈക്രോ ഹെൽത്ത് ലബോറട്ടറീസിനെ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അഭിനന്ദിച്ചു. ഐസിബിഎഫുമായി ഉള്ള ഈ പങ്കാളിത്തം ആരോഗ്യ സേവനങ്ങൾ നൽകുന്നതിലപ്പുറം, സാമ്പത്തിക സ്ഥിതിവിശേഷം നോക്കാതെ എല്ലാവർക്കും ആരോഗ്യ സേവനം ലഭ്യമാക്കാനുള്ള ഒരു പ്രതിബദ്ധതയാണ്. കരുണ, ഉൾക്കൊള്ളൽ, സേവനം എന്നീ മൂല്യങ്ങളാൽ നയിക്കപ്പെടുന്ന ഈ സംരംഭം, ഞങ്ങളുടെ അടിസ്ഥാന മൂല്യങ്ങളെ പൂർണ്ണമായി പ്രതിഫലിപ്പിക്കുന്നുവെന്ന് മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ഡോ. നൗഷാദ് സി.കെ പറഞ്ഞു.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ ശ്രീ വിപുൽ, സമൂഹത്തിനായി നാലു പതിറ്റാണ്ടിലേറെയായി ഐ.സി.ബി.എഫ് നടത്തുന്ന സേവനങ്ങളെ പ്രശംസിക്കുകയും, മൈക്രോ ഹെൽത്ത് ലബോറട്ടറീസും ഐസിബിഎഫും ചേർന്ന് ഈ സംരംഭത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.
ധാരണാപത്രം ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവയും, മൈക്രോ ഹെൽത്ത് ലബോറട്ടറീസ് സ്ഥാപകനും സി.ഇ.ഒയുമായ ഡോ. നൗഷാദ് സി.കെ.യും തമ്മിൽ ഔദ്യോഗികമായി കൈമാറി. ഈ പദ്ധതി പൂർണ്ണമായ ഉത്തരവാദിത്തത്തോടെയും പരസ്പര വിശ്വാസത്തോടെയും നടപ്പിലാക്കുമെന്നും, സേവനങ്ങൾ യഥാർത്ഥ അർഹതയുള്ളവർക്ക് മാത്രം എത്തിക്കുന്നതിനും ദുരുപയോഗം ഒഴിവാക്കുന്നതിനും കർശനമായ സംവിധാനങ്ങൾ ഉണ്ടായിരിക്കുമെന്നും ഇരുവരും അറിയിച്ചു.
ചടങ്ങ് മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ ഗ്ലോബൽ ചീഫ് സ്ട്രാറ്റജിക് ഓഫീസറും സി.എസ്.ആർ മേധാവിയുമായ ശ്രീമതി അൽക മീര സണ്ണി നിയന്ത്രിച്ചു. ഐസിബിഎഫ് ജനറൽ സെക്രട്ടറി ശ്രീ ദീപക് ഷെട്ടി നന്ദിപ്രസംഗം നടത്തി. ചടങ്ങിൽ ഐസിസി പ്രസിഡന്റ് മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐബിപിസി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ, ഐസിബിഎഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫർ തയിൽ ഐസിബിഎഫ് അഡ്വൈസറി ബോർഡ് ചെയർമാൻ കെ.എസ്. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വർക്കി ബോബൻ, മുൻ ഐസിബിഎഫ് പ്രസിഡന്റുമാരായ നീലാംശു ഡേ, ഡേവിസ് എടക്കലത്തൂർ, എൻ.വി. ഖാദർ, എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.



