ദുബൈ– ദുബൈ പോലീസിലെ ആദ്യ വനിതാ ബ്രിഗേഡിയര്‍ ആയി മാറി ചരിത്രം കുറിച്ച് കേണൽ സമീറ അബ്ദുല്ല അൽ അലി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ഈ സ്ഥാനക്കയറ്റം.
ദുബൈ പോലീസിലെ എല്ലാ വനിതകൾക്കും ഇത് അഭിമാന നിമിഷമാണെന്ന് സമീറ അബ്ദുല്ല പറഞ്ഞു. 31 വർഷത്തെ സേവന പാരമ്പര്യമുള്ള ബ്രിഗേഡിയർ സമീറ അബ്ദുല്ല നിലവില്‍ ദുബൈ പോലീസിലെ ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റിന്റെ മേധാവിയാണ്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് ആൻഡ് റെസ്ക്യൂവിൽ പുരുഷ ടീമിനെ നയിക്കുന്ന ആദ്യത്തെ വനിത കൂടിയാണ് അവർ.
1994 ലാണ് ബ്രിഗേഡിയർ സമീറ അബ്ദുല്ലയുടെ കരിയർ ആരംഭിക്കുന്നത്. യുഎഇ സർവകലാശാലയിൽ നിന്ന് ഇൻഷുറൻസിൽ ബിരുദം നേടിയ ശേഷം ദുബൈ പോലീസിൽ ചേർന്നു. തുടക്കത്തിൽ രണ്ട് സ്റ്റാഫ് അംഗങ്ങൾ ഉള്ള ചെറിയ ഓഫീസിലായിരുന്നു ജോലി എങ്കിലും പിന്നീട് യൂനിറ്റിനെ ഒരു സമ്പൂർണ്ണ ഡിപ്പാർട്ട്മെന്റാക്കി മാറ്റി. മികച്ച വനിതാ ജീവനക്കാരിക്കുള്ള 2022 ലെ എമിറേറ്റ്സ് വനിതാ അവാർഡ്, ദുബൈ പോലീസിന്റെ കമാൻഡർ ഇൻ ചീഫ് എക്സലൻസ് അവാർഡ്, സുരക്ഷിത ഡ്രൈവിംഗ് സംരംഭങ്ങൾക്കുള്ള സെവൻ സ്റ്റാർ അവാർഡ് തുടങ്ങിയ ബഹുമതികളും അവർ സ്വന്തമാക്കിയിട്ടുണ്ട്.
സർട്ടിഫൈഡ് ട്രെയിനറും ഒന്നിലധികം ദേശീയ കമ്മിറ്റികളിൽ അംഗവുമാണ് സമീറ. 21,000 ത്തിലധികം ഗുണഭോക്താക്കൾക്ക് വർക്ക്ഷോപ്പുകൾ നൽകുകയും 225 നിർദ്ദേശങ്ങൾ സമർപ്പിക്കുകയും 60 ലധികം ടാസ്ക് ഫോഴ്സുകളിൽ പങ്കെടുക്കുകയും ചെയ്തു. ദേശീയ കമ്മിറ്റികളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. പോലീസിലെ സ്ത്രീകൾക്ക് വലിയ പ്രചോദനവുമാണ് സമീറ.
കുടുംബത്തിന്റെ പിന്തുണയും ദുബൈ പോലീസിന്റെ മൂല്യങ്ങളുമാണ് തന്റെ വിജയത്തിന് കാരണമെന്ന് ബ്രിഗേഡിയർ സമീറ പറയുന്നു. അച്ചടക്കം, പ്രതിബദ്ധത, ആത്മവിശ്വാസം എന്നിവയുടെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള ദുബൈ പോലീസിന്റെ ശ്രമങ്ങളുടെ ഒരു നാഴികക്കല്ലാണ് സമീറയുടെ സ്ഥാനക്കയറ്റം.