ദുബൈ: പ്രവാസ മാധ്യമ പ്രവർത്തന രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സേവനം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബിൻസാൽ അബ്ദുൽ ഖാദറിന് ദുബൈയിൽ യാത്രയയപ്പ് നൽകി മലയാള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ. യുഎഇ ദേശീയ മാധ്യമ ഏജൻസിയായ വാമിന്റെ മുൻ എക്സിക്യുട്ടീവ് എഡിറ്ററായ ബിൻസാൽ തൃശൂർ കൈപ്പമംഗലം സ്വദേശിയാണ്.
ഇരുനൂറിലേറെ രാജ്യക്കാർ ജീവിക്കുന്ന യുഎഇയിൽ വ്യത്യസ്ത മനുഷ്യരെ കാണാനും ആശയവിനിമയം നടത്താനും അവരുടെ ജീവിതം അടുത്തറിയാനും സാധിച്ചതിൽ സന്തോഷമുണ്ടന്ന് മറുപടി പ്രസംഗത്തിൽ ബിൻസാൽ അബ്ദുൽ ഖാദർ പറഞ്ഞു.
മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൽ കലാം അടക്കം വിവിധ ലോക രാജ്യങ്ങളിലെ പ്രസിഡന്റ്, പ്രധാനമന്ത്രിമാരും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുമായി അഭിമുഖം നടത്താൻ സാധിച്ചതിൽ ഏറെ സന്തോഷവും സംതൃപ്തിയും പ്രകടിപ്പിച്ച അദ്ദേഹം ഇവരിൽ പലരുമായും ഇപ്പോഴും നല്ല ബന്ധം തുടരുന്നുണ്ടെന്നും പറഞ്ഞു.
യാത്രയയപ്പ് സംഗമത്തിൽ കോഓർഡിനേറ്റർമാരായ വനിതാ വിനോദ്, റോയ് റാഫേൽ, യാസർ, എം.സി.എ.നാസർ, ജമാലുദ്ദീൻ, സാദിഖ് കാവിൽ,ഷിനോജ് ഷംസുദ്ദീൻ, സുരേഷ് വെള്ളിമുറ്റം, ശ്രീരാജ് കൈമൾ, ജസീത സഞ്ജിത്, സാലിഹ്, മനാഫ് തുടങ്ങിയവരും പ്രസംഗിച്ചു.