ദുബൈ– കേരള മാപ്പിളകല അക്കാദമി ദുബൈ ചാപ്റ്റർ 2025ലെ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. പി.എച്ച്. അബ്ദുല്ല മാസ്റ്റർ സ്മാരക യുവ തൂലികാ പുരസ്കാരത്തിന് മാപ്പിളപ്പാട്ട് ഗവേഷകനും വിധി കർത്താവും യുവ കവിയുമായ നസ്റുദ്ദീൻ മണ്ണാർക്കാട് അർഹനായി.
മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക ഇശൽ ജ്ഞാന പുരസ്കാരം പ്രശസ്ത കാലിഗ്രാഫർ ഖലീലുല്ലാഹ് ചെമ്മനാടിനാണ് ലഭിച്ചത്.
വി.എം.കുട്ടിസ്മാരക നാദമാധുരി പുരസ്കാരം ഗായകൻ ഷെമീർ കോട്ടക്കലിനും എം.എസ്. ബാബുരാജ് സ്മാരക കലാതിലക പുരസ്കാരം ഗായകനും ഗാനരചയിതാവുമായ ഇഖ്ബാൽ മടക്കരക്കും ടി.പി. ആലിക്കുട്ടി ഗുരുക്കൾ സ്മാരക കലാകാന്തി പുരസ്കാരം കോൽക്കളി പരിശീലകൻ അസീസ് മണമ്മലിനും ഒ. അബു സ്മാരക കലാ പ്രവർത്തനത്തിനുള്ള ഇശൽ രത്ന പുരസ്കാരം രചയിതാവും മാപ്പിളപ്പാട്ട് സഹയാത്രികനുമായ ഫനാസ് തലശ്ശേരിക്കും ലഭിച്ചു. ഒക്ടോബർ 18 ന് ഷാർജ സഫാരി മാളിൽ നടക്കുന്ന “പാട്ടും പാട്ടറിവും” പരിപാടിയിൽ അവാർഡുകൾ സമ്മാനിക്കും