ദുബൈ – നഗരത്തിലെ പ്രധാന റീട്ടെയിൽ സ്‌റ്റോറിൽ നിന്ന് ഏകദേശം 3,000 ദിർഹം വിലമതിക്കുന്ന ലാപ്‌ടോപ്പ് മോഷ്ടിച്ച ഏഷ്യൻ വംശജനെ ദുബൈ കോടതി ഒരു മാസം തടവിന് ശിക്ഷിക്കുകയും ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു. ഇലക്‌ട്രോണിക് ഉപകരണങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്ന കടക്കുള്ളിലെ തിരക്കേറിയ സമയം മുതലെടുത്ത് പ്രതി, ജീവനക്കാർ ഇടപാടുകാരെ സഹായിക്കുന്നതിനിടെ ലാപ്‌ടോപ്പ് കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. സ്ഥാപനത്തിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നിട്ടും പ്രതി ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലേക്ക് പോയി ലാപ്‌ടോപ്പിൽ നിന്ന് സുരക്ഷാ ടാഗ് നീക്കം ചെയ്ത് ഉപകരണം മറച്ചുവെച്ച് പരിസരം വിടുകയായിരുന്നു.
രണ്ട് ദിവസത്തിന് ശേഷം സുരക്ഷാ സൂപ്പർവൈസർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും മോഷണം തിരിച്ചറിയുകയും ചെയ്തു. ശേഷം പോലീസിൽ റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദുബൈ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി മോഷണം സമ്മതിച്ചു.
എന്നാൽ കേസ് കോടതിയിൽ എത്തിയപ്പോൾ മറ്റൊരാളാണ് കുറ്റകൃത്യം നടത്തിയതെന്ന് അവകാശപ്പെട്ട് പ്രതി കുറ്റം നിഷേധിക്കുകയും കോടതിയോട് ദയ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും പ്രതിയുടെ മുൻ കുറ്റസമ്മതവും ചൂണ്ടിക്കാട്ടി തെളിവുകൾ നിർണായകമാണെന്ന് വിധിച്ച കോടതി പ്രതിയുടെ വാദംതള്ളി. കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രതിയെ ഒരു മാസം തടവിന് ശിക്ഷിക്കുകയും ശിക്ഷാ കാലാവധി കഴിഞ്ഞാൽ യു.എ.ഇയിൽ നിന്ന് നാടുകടത്താനും വിധിച്ചു. മോഷ്ടിച്ച ലാപ്‌ടോപ്പിന് നഷ്ടപരിഹാരമായി പ്രതി 2,999 ദിർഹം നൽകണമെന്നും വിധിയുണ്ട്.



