കുവൈത്ത് സിറ്റി– കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രാമധ്യേ വിമാനത്തിനകത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട കാസർകോട് നീലേശ്വരം സ്വദേശി ബഹ്റൈനിലെ ആശുപത്രിയിൽ മരിച്ചു. തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാമാണ് (65) ബഹ്റൈനിലെ ഹമദ് ആശുപത്രിയിൽ മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് കണ്ണൂരിൽ നിന്നും കുവൈത്തിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു. യാത്രക്കിടിടെ വിമാനത്തിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട സലാമിന് ചികിത്സ ലഭ്യമാക്കാൻ വിമാനം അടിയന്തിരമായി ബഹ്‌റൈൻ വിമാനത്താവളത്തിൽ ഇറക്കി. തുടർന്ന് ഹമദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സക്കിടെ മരിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ കെ എം സി സി പ്രവർത്തകർ നടത്തിവരികയാണ്. ഭാര്യ താഹിറ, മക്കൾ: ഡോ ആദിൽ മുബഷിർ, അബ്ദുള്ള ഖദീജ, മുഹമ്മദ്.