ദുബൈ – ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ നറുക്കെടുപ്പില്‍ മലയാളി ബാലന് ഒരു കിലോ സ്വര്‍ണ്ണം സമ്മാനം. ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ 2025-26 ല്‍ ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ മെഗാ റാഫിള്‍ നേടിയാണ് 13 വയസ്സുകാരന്‍ ഒരു കിലോഗ്രാം സ്വര്‍ണ്ണത്തിന്റെ അഭിമാന ഉടമയായത്. ഷാര്‍ജയില്‍ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അനികേത് ആര്‍ നായര്‍ നിലവിലെ റെക്കോര്‍ഡ് ഉയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ അഞ്ചു ലക്ഷം ദിര്‍ഹത്തിലധികം വിലമതിക്കുന്ന സമ്മാനം തിങ്കളാഴ്ച ദുബൈ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ തൗഹീദ് അബ്ദുല്ലയില്‍ നിന്ന് സ്വീകരിച്ചു.
ജനുവരി എട്ടിന് അനികേതിന് വേണ്ടി കുടുംബം കൈചെയിന്‍ വാങ്ങുകയായിരുന്നെന്ന് അന്താരാഷ്ട്ര കമ്പനിയില്‍ റീജിയണല്‍ സെയില്‍സ് മാനേജരായ, ബാലന്റെ പിതാവ് പറഞ്ഞു. ചിറ്റിലപ്പിള്ളി ജ്വല്ലേഴ്സിന്റെ അല്‍ ഖുസൈസ് ബ്രാഞ്ചില്‍ അനികേതിന്റെ പേരില്‍ നറുക്കെടുപ്പില്‍ പങ്കെടുത്തപ്പോള്‍, അത് അസാധാരണമായ അപ്രതീക്ഷിത നേട്ടത്തിലേക്ക് നയിക്കുമെന്ന് കുടുംബം നിനച്ചതല്ല.
ഒരു കിലോ സ്വര്‍ണ്ണം സമ്മാനമായി ലഭിച്ചത് അറിയിച്ചുള്ള കോള്‍ ലഭിച്ചപ്പോള്‍, വിവിധ തട്ടിപ്പുകളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ നിരന്തരം ലഭിക്കുന്നതിനാല്‍ അത് ഉറപ്പായും ഒരു തട്ടിപ്പാണെന്ന് താന്‍ കരുതിയതായി ബാലന്റെ പിതാവ് പറഞ്ഞു. പിന്നീട് ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ടിക്കറ്റ് നമ്പറും പേരും പരിശോധിച്ചാണ് സമ്മാനം ലഭിച്ചത് ഉറപ്പുവരുത്തിയത്. ഇതുപോലുള്ള ഒരു സമ്മാനവും ഇതുവരെ ഞങ്ങള്‍ക്ക് ഒരിക്കലും ലഭിച്ചിട്ടില്ലാത്തതിനാല്‍ ഞങ്ങള്‍ എല്ലാവരും സന്തുഷ്ടരാണ് – അനികേതിന്റെ പിതാവ് പറഞ്ഞു.
അനികേതിന് 11-ാം ക്ലാസ്സില്‍ പഠിക്കുന്ന മൂത്ത സഹോദരിയുണ്ട്. ഈ അപ്രതീക്ഷിത നേട്ടം ബുദ്ധിപൂര്‍വ്വം നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി രണ്ട് കുട്ടികളുടെ പിതാവായ ആര്‍. നായര്‍ പറഞ്ഞു. വാറ്റ് ഒരു ആശങ്കയാണ്. നികുതി പണം നല്‍കേണ്ടിവരും. ബാക്കി തുക എന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കും വേണ്ടി ചെലവഴിക്കും – അദ്ദേഹം പറഞ്ഞു.
ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ മെഗാ സമ്മാനം നല്‍കുന്നത് വിശ്വാസത്തിന്റെയും സുതാര്യതയുടെയും പങ്കിട്ട സന്തോഷത്തിന്റെയും ആഘോഷമാണെന്ന് ദുബൈ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ തൗഹീദ് അബ്ദുല്ല പറഞ്ഞു. ഒരു യുവ വിജയിയുടെ ആവേശം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മാന്ത്രികതയെയും സ്വര്‍ണ്ണത്തിന്റെ നിലനില്‍ക്കുന്ന ആകര്‍ഷണത്തെയും പ്രതീകപ്പെടുത്തുന്നു. ഇത് യുവ വിജയിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും മാത്രമല്ല, ദുബൈയിലെ ആഭരണ വ്യവസായത്തിലെ നമുക്കെല്ലാവര്‍ക്കും വളരെ സവിശേഷമായ ഒരു നിമിഷമാണ് – തൗഹീദ് അബ്ദുല്ല പറഞ്ഞു.
ഇന്ന് നിങ്ങള്‍ നാലു കാല്‍ കിലോ സ്വര്‍ണ്ണത്തിന്റെ വിജയിയാണ്. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണ വിലയാണ് ഇപ്പോള്‍. ദുബൈയില്‍ നിന്ന് ഇത് നേടിയത് വളരെ ഭാഗ്യമാണ് – 250 ഗ്രാം വീതം തൂക്കമുള്ള നാലു സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ (ആകെ ഒരു കിലോഗ്രാം) അനികേതിന് കൈമാറിയ ശേഷം തൗഹീദ് അബ്ദുല്ല ബാലനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.
2025 ഡിസംബര്‍ 5 മുതല്‍ 2026 ജനുവരി 11 വരെ നീണ്ടുനിന്ന ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ പ്രമോഷന്റെ ഭാഗമായിരുന്നു മെഗാ സമ്മാനം. പങ്കെടുക്കുന്ന ഏതെങ്കിലും ജ്വല്ലറി ഔട്ട്ലെറ്റില്‍ 1,500 ദിര്‍ഹമോ അതില്‍ കൂടുതലോ ചെലവഴിക്കുന്ന ഉപയോക്താക്കള്‍ക്ക് അഞ്ച് കിലോ സ്വര്‍ണം വരെ നേടാനുള്ള അവസരത്തിനായി നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ പ്രമോഷനിടെ നാലാഴ്ചക്കാലത്ത് പ്രതിവാരം നാല് വിജയികള്‍ക്ക് കാല്‍ കിലോ സ്വര്‍ണ്ണം വീതം സമ്മാനമായി ലഭിച്ചു. ഇവര്‍ക്കു പുറമെ ഒരു വിജയിക്ക് മെഗാ സമ്മാനമായ ഒരു കിലോ സ്വര്‍ണ്ണവും ലഭിച്ചു.



