മക്ക – മക്കയിൽ പുതിയ വിമാനത്താവളം നിർമ്മിക്കുന്നതിനുള്ള പ്രാഥമിക പഠനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ പൂർത്തിയാക്കിയതായി മക്ക റോയൽ കമ്മീഷൻ സി.ഇ.ഒ സ്വാലിഹ് അൽറശീദ് അറിയിച്ചു. നിലവിൽ മക്കയിലെ താമസക്കാരും ദശലക്ഷക്കണക്കിന് വരുന്ന തീർഥാടകരും ജിദ്ദ, തായിഫ് വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്. പുതിയ വിമാനത്താവളം വരുന്നതോടെ സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനും തീർഥാടകർക്കുള്ള യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കാനും സാധിക്കും. അയൽ നഗരങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്വകാര്യ മേഖലയുമായുള്ള സഹകരണത്തോടെ നിക്ഷേപ മാതൃകയിലാണ് വിമാനത്താവളത്തിന്റെ നിർവ്വഹണ ഘട്ടങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മക്ക മെട്രോ പദ്ധതിയുടെ പഠനങ്ങളും പ്രാഥമിക രൂപകൽപ്പനയും പൂർത്തിയായിട്ടുണ്ട്. ഇതിന്റെ തുടർന്നുള്ള നടപടികൾക്കായി റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. വിമാനത്താവളവും മെട്രോയും യാഥാർത്ഥ്യമാകുന്നതോടെ വിശുദ്ധ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വലിയ രീതിയിൽ മെച്ചപ്പെടും. തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും മികച്ച അനുഭവം നൽകുന്നതിനുമായി കൃത്രിമബുദ്ധി (AI) ഉപയോഗിച്ചുള്ള ‘സ്മാർട്ട് മക്ക’ എന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഇതിലൂടെ ഹറമിലും പരിസരങ്ങളിലും ആൾക്കൂട്ടത്തിന്റെ ചലനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും.


നഗരത്തിലെ ടാക്സി, ബസ് സർവീസുകൾ നവീകരിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ആധുനിക ട്രാക്കിംഗ് സംവിധാനങ്ങളും ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യങ്ങളുമുള്ള ഇലക്ട്രിക്, ഹൈബ്രിഡ് ടാക്സികൾ മക്കയിൽ സർവീസ് തുടങ്ങിക്കഴിഞ്ഞു. കൂടാതെ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളും പ്രധാന റിംഗ് റോഡുകളും വികസിപ്പിച്ച് ഹറമിലേക്കുള്ള യാത്ര സുഗമമാക്കിയിട്ടുണ്ട്. അറഫയിലെ വികസനം, മിനായിലെ റെസിഡൻഷ്യൽ ടവറുകൾ, ഇരുനില ടെന്റുകൾ, പുതിയ എമർജൻസി ആശുപത്രി എന്നിവയും പുണ്യഭൂമിയിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമാണെന്ന് സ്വാലിഹ് അൽറശീദ് വ്യക്തമാക്കി.



