ജിദ്ദ– കഴിഞ്ഞ പത്ത് വർഷമായി സർവ്വ മേഖലകളിലും സ്വജനപക്ഷ പാതവും, കുത്തഴിഞ്ഞതുമായ എൽഡിഎഫ് ഭരണത്തെ കേരളത്തിൽ നിന്ന് തൂത്തെറിയുന്നതിനു വേണ്ടി യുഡിഎഫ് മുന്നണിയെ അധികാരത്തിലെത്തിക്കാൻ പ്രവാസികൾ മുന്നിട്ടിറങ്ങണമെന്ന് ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവൻഷൻ ആഹ്വാനം ചെയ്തു. ഷറഫിയയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവൻഷൻ സൗദി നാഷണൽ കെഎംസിസി ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് റിയാസ് താത്തോത്ത് കൻവഷനിൽ അദ്ധ്യക്ഷം വഹിച്ചു.
എന്ത് വിലകൊടുത്തും അധികാരം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഒരേ സമയത്ത് ഭൂരിപക്ഷ, ന്യൂനപക്ഷ പ്രീണനരാഷ്ട്രീയം പരീക്ഷിക്കുന്ന സിപിഎംന്റെയും ഇടതു മുന്നണിയുടെയും കപട രാഷ്ട്രീയ മുഖം മതസൗഹാർദ്ദത്തിന്റെ വക്താക്കളായ കേരള ജനത തള്ളിക്കളയുമെന്ന് കൺവൻഷൻ അഭിപ്രായപ്പെട്ടു. സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെപോലും അറിയിക്കാതെ രഹസ്യമായി പി എം ശ്രീയിലൂടെ വിദ്യാഭ്യാസരംഗം കാവി വത്കരിക്കാനുള്ള ശ്രമം നടത്തിയ കേരളത്തിലെ സിപിഎംനുള്ള താക്കീതായി തിരഞ്ഞെടുപ്പിലെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് കൺവൻഷൻ ഉണർത്തി.
തകർന്ന് കിടക്കുന്ന ആരോഗ്യമേഖലയെ കെട്ടിപ്പടുക്കുന്നതിനും, പിൻവാതിൽ നിയമനങ്ങളിലൂടെ യുവതി, യുവാക്കളുടെ സ്വപ്നങ്ങൾ തകർത്തു പി എസ് സി സംവിധാനം താറുമാറാക്കിയത് പുനസ്ഥാപിക്കുന്നതിനും, ലഹരി മുക്ത കേരളം കെട്ടിപ്പടുക്കുന്നതിനും യുഡിഎഫ് മുന്നണിയെ അധികാരത്തിൽ തിരിച്ചു കൊണ്ടുവരണമെന്ന് കൺവൻഷൻ ആഹ്വാനം ചെയ്തു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ട്രഷറർ അബ്ദുൽ റഹിമാൻ വി. പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ഷാഫി പുത്തൂർ, സൈദലവി (കുട്ടിമോൻ), അബ്ദുൽ വഹാബ്, ഷബീർ അലി, സാലിഹ് പൊയിൽതൊടി, ബഷീർ കീഴില്ലത്ത്, നിസാർ മടവൂർ, ബഷീർ വീര്യമ്പ്രം, റഫീഖ് ചാലിക്കര, തഹദീർ കെ, വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് താരീഖ് അൻവർ, ഫൈസൽ മണലൊടി, സലാം അപ്പാടൻകണ്ടി, മുനീർ പേരാമ്പ്ര, റഷീദ് മാസ്റ്റർ, മുഹ്സിൻ നാദാപുരം, ശിഹാബ് മാവൂർ, ഷമീർ എലത്തൂർ, നസീർ വടകര തുടങ്ങിയവർ സംസാരിച്ചു. ജനറൽ സിക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും, ട്രഷറർ അബ്ദുൽ സലാം ഒ. പി നന്ദിയും പറഞ്ഞു.. സലിം കൊടുവള്ളി ഖിറാഅത്ത് നടത്തി.



