റിയാദ് – തലസ്ഥാനമായ റിയാദിലെ പ്രധാന സ്ട്രീറ്റിന് ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ച മുന്‍ ഗ്രാന്‍ഡ് മുഫ്തിയും ഉന്നത പണ്ഡിതസഭ ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖിന്റെ പേരിടാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശിച്ചു.
ഗാന്‍ഡ് മുഫ്തിയുടെ പണ്ഡിത പദവിയും രാഷ്ട്രത്തിനും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും സേവനം നല്‍കുന്നതില്‍ അദ്ദേഹം വഹിച്ച ശ്രദ്ധേയമായ സംഭാവനകളും കണക്കിലെടുത്താണ് റിയാദിലെ പ്രധാന തെരുവിന് ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖിന്റെ നാമകരണം ചെയ്യാന്‍ കിരീടാവകാശി നിര്‍ദേശിച്ചത്. ഇസ്‌ലാമിക വിജ്ഞാനം നേടാനും പഠിപ്പിക്കാനും ആളുകളെ നയിക്കാനുമായി അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചു. ഇസ്‌ലാമിക വിജ്ഞാനത്തിന്റെയും അതിന്റെ അധ്യാപനത്തിന്റെയും നിലവാരം ഉയര്‍ത്തുന്നതില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയ ശ്രദ്ധേയമായ വൈജ്ഞാനികവും പ്രായോഗികവുമായ സംഭാവനകള്‍ അദ്ദേഹം നല്‍കി.