റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ (IISR) ഇന്ററിം പ്രിൻസിപ്പലായി പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ മൈമൂന അബ്ബാസിനെ നിയമിച്ചു. ദീർഘകാലം സ്കൂളിനെ നയിച്ച മീര റഹ്മാൻ വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ രാജാദുരൈ സതാനന്ദൻ പുറത്തിറക്കിയ സർക്കുലറിലൂടെയാണ് നിയമന വിവരം ഔദ്യോഗികമായി അറിയിച്ചത്.
സ്കൂൾ ഹയർ ബോർഡിന്റെ നിർദ്ദേശപ്രകാരം ഏപ്രിൽ 13 മുതൽ മൈമൂന അബ്ബാസ് ചുമതലയേറ്റു. അധ്യാപന രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള അവർ, റിയാദിലെ സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യമാണ്. മികച്ച അധ്യാപകർക്കുള്ള ‘ഹിമാക്ഷര’ പുരസ്കാരവും, അന്താരാഷ്ട്ര തലത്തിൽ പ്രസംഗകർക്ക് നൽകുന്ന ‘ഡിസ്റ്റിംഗിഷ്ഡ് ടോസ്റ്റ്മാസ്റ്റർ’ (DTM) അംഗീകാരവും ഉൾപ്പെടെ ഒട്ടനവധി ബഹുമതികൾ അവർക്ക് ലഭിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്തെ മികച്ച അനുഭവസമ്പത്തുള്ള മൈമൂന അബ്ബാസിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പാഠ്യ-പാഠ്യേതര മേഖലകളിൽ വലിയ പുരോഗതിയുണ്ടാകുമെന്ന് അധ്യാപകരും രക്ഷിതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. റിയാദിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ വി.കെ.കെ. അബ്ബാസാണ് ഭർത്താവ്. ഡോക്ടർമാരായ ഫർഹാൻ അബ്ബാസ്, അഫ്നാൻ അബ്ബാസ് എന്നിവർ മക്കളാണ്.



