ദുബൈ– യുഎഇയിൽ ജോലി നഷ്ടപ്പെട്ടതിന് ശേഷം വിസ കാലാവധി തീർന്നിട്ടും രാജ്യത്ത് തുടരുന്നത് കർശനമായി വിലക്കിയിട്ടുണ്ടെന്ന് ദുബൈ ഇമിഗ്രേഷൻ അതോറിറ്റി മേധാവിയുടെ മുന്നറിയിപ്പ്. ജോലിയില്ലാത്തതിനാലുള്ള അനിശ്ചിതത്വത്തിനിടയിലും കുടിയേറ്റ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു.
വിസ കാലാവധി കഴിഞ്ഞും ജോലി അന്വേഷിക്കുക എന്ന പേരിൽ രാജ്യത്ത് തുടരുന്നത് നിയമവിരുദ്ധമാണ്. നിങ്ങൾ നിയമം പാലിക്കുകയാണെങ്കിൽ ആരും നിങ്ങളെ ചോദ്യം ചെയ്യാൻ വരില്ലെന്നും, അല്ലാത്ത പക്ഷം അത് ഗുരുതരമായ പ്രശ്നങ്ങളായി മാറുമെന്നും അൽ മർറി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അറിയിക്കുകയുണ്ടായി
നിങ്ങൾ പറയുന്നത് ‘എനിക്ക് ഇവിടെ ജോലി നഷ്ടമായി, പുതിയ ജോലി അന്വേഷിക്കുകയാണ്’. അതെ, നിങ്ങൾക്ക് ശ്രമിക്കാം. പക്ഷേ, ഒരു തവണ ജോലി നഷ്ടമായാൽ രാജ്യം വിടേണ്ടി വരും, മറ്റൊരു ജോലിക്കായി പുറത്തു നിന്ന് ശ്രമിച്ച് തിരിച്ചു വരാവുന്നതാണ്. അദ്ദേഹം വ്യക്തമാക്കി.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) ഈ വർഷം ജനുവരി മുതൽ ജൂൺ അവസാനം വരെ 32,000 ലധികം നിയമലംഘകരെ പിടികൂടിയതായി അറിയിച്ചു. വിസ റദ്ദാക്കിയതിനു ശേഷമുള്ള ഗ്രേസ് പീരിയഡ് പാലിക്കാതെ താമസിക്കുന്നവർക്കെതിരെ നടപടികൾ കർശനമാകുകയാണ് അധികൃതർ.
ആരും നിയമത്തെ മറികടന്ന് ഒന്നും ചെയ്യരുതെന്നും, നിയമം പാലിച്ചാൽ അത് എല്ലാവർക്കും സന്തോഷമുണ്ടാക്കുമെന്നും അൽ മർറി കൂട്ടിച്ചേർത്തു.