റിയാദ്– കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂർണമെന്റ് നടത്തിപ്പുക്കാരായ പ്രവർത്തകർക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. അനീര്‍ ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇടതുപക്ഷ സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങളില്‍ ജനങ്ങള്‍ക്ക് വലിയ പ്രതിഷേധമുണ്ട്. ആഭ്യന്തരം തികഞ്ഞ പരാജയമാണെന്ന കാര്യം എല്ലാവരും അംഗീകരിക്കുന്നുണ്ടെന്നും പോലീസ് സംവിധാനം നാഥനില്ലാത്ത കളരിയായി മാറിയിട്ടുണ്ടെന്നും സലാം പറഞ്ഞു.
മനുഷ്യത്വ വിരുദ്ധമായ നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്. സര്‍ക്കാറിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ജനങ്ങള്‍ക്കുള്ളത്. സമീപ കാലത്ത് നടന്ന ഉപതെരെഞ്ഞെടുപ്പുകളില്‍ യു ഡി എഫിനുണ്ടായ വിജയവും വലിയ ഭൂരിപക്ഷവും അതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
വയനാട്ടില്‍ ദുരന്ത ബാധിതരായ മനുഷ്യര്‍ക്ക് വേണ്ടി മുസ്‌ലിം ലീഗ് നടത്തിയ കാര്യങ്ങൾ സമാനതകളില്ലാത്തതാണ്. ദുരന്തമുണ്ടായ നിമിഷം മുതല്‍ പാര്‍ട്ടി ആ ജനങളുടെ കൂടെയുണ്ട്. അടിയന്തര സഹായം മുതല്‍ വാഹനവും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് ലീഗ് നല്‍കിയ സഹായങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും സലാം ചൂണ്ടി കാണിച്ചു.
ഇപ്പോഴും ചികിത്സ സഹായം തൊട്ട് വിദ്യാഭ്യാസ സഹായം വരെ മുസ്‌ലിം ലീഗ് മുന്‍കൈ എടുത്ത് നടത്തിവരുന്നുണ്ട്. നൂറ്റിഅഞ്ച് കുടുംബങ്ങള്‍ക്കാണ് പാർട്ടി ഏറ്റവും അനുയോജ്യമായ സ്ഥലത്ത് മനോഹരമായ വീടുകള്‍ നിര്‍മിച്ചു കൊടുക്കുന്നത്. അതിന്റെ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്.അത് തടയാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും പല കോണുകളില്‍ നിന്ന് നടക്കുന്നുണ്ടെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
പക്ഷെ സര്‍ക്കാര്‍ പാവപ്പെട്ട വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്നത് മാപ്പര്‍ഹിക്കാത്ത ക്രൂരതയാണെന്നും, കോടിക്കണക്കിന് രൂപ ജനം നല്‍കിയിട്ടും ക്രിയാത്മകമായ ഒരു നീക്കവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും സലാം കൂട്ടിചേര്‍ത്തു.
രാജ്യസഭാ അംഗവും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ അഡ്വ. ഹാരിസ് ബീരാന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനിന് എതിരെ ഹാരിസ് ആഞ്ഞടിച്ചു. നിലവിൽ അപകടപ്പെടുത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികളാണ് ഫാസിസ്റ്റ് സര്‍ക്കാറിന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. ബീഹാറിലുള്‍പ്പടെ നടന്നിട്ടുള്ള ഹീനമായ നീക്കങ്ങള്‍ അപലപിക്കേണ്ടതാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം വിജയം കാണുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഹാരിസ് ബീരാന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ വെള്ളാപ്പള്ളി നടത്തുന്ന വര്‍ഗീയ പ്രസ്താവനകള്‍ക്ക് ഒരു വിധ അടിസ്ഥാനമില്ലെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്, ഉദ്യോഗതലങ്ങളില്‍ ഉള്‍പ്പടെ മുസ്‌ലിം ന്യൂനപക്ഷ സമൂഹം ഇപ്പോഴും ഏറെ പിറകിലാണെന്നും, സംവരണത്തില്‍ വെള്ളം ചേര്‍ത്ത് അവകാശപ്പെട്ടത് കൂടി കവര്‍ന്നെടുക്കുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഹാരിസ് വ്യക്തമാക്കി.
ഫുട്‌ബോള്‍ ടൂർണമെന്റ് നടത്തിപ്പുക്കാരായ സെന്‍ട്രല്‍ കമ്മിറ്റി വളണ്ടിയര്‍ വിഭാഗമായ സ്‌കോപ്, ടൂര്‍ണമെന്റ് ടെക്‌നിക്കല്‍ ടീം, മീഡിയ ടീം, ഗ്രൗണ്ട് ഇന്‍ ചാര്‍ജ് ടീം തുടങ്ങിയവര്‍ക്കുള്ള ഉപഹാരങ്ങളും അനുമോദന പത്രവും നേതാക്കള്‍ കൈമാറി.
ചന്ദ്രിക പത്രാധിപനും സ്‌പോര്‍ട്‌സ് ലേഖകനുമായ കമാല്‍ വരദൂര്‍, സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, അബ്ദുള്ള വല്ലാഞ്ചിറ, നാഷണല്‍ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ മുജീബ് ഉപ്പട, കണ്‍വീനര്‍ മൊയ്തീന്‍ കുട്ടി പൊന്മള, സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, അബ്ദുറഹ്മാന്‍ ഫറൂഖ്, അസീസ് വെങ്കിട്ട, മാമുക്കോയ തറമ്മല്‍, പി സി അലി വയനാട്, നജീബ് നല്ലാംങ്കണ്ടി, ഷംസു പെരുമ്പട്ട, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, സിറാജ് മേടപ്പില്‍, റഫീഖ് മഞ്ചേരി , കെ കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി അഷ്‌റഫ് കല്‍പകഞ്ചേരി നന്ദിയും പറഞ്ഞു.