റിയാദ്– ‘അക്ഷരമാണ് പ്രതിരോധം’ എന്ന ശീർഷകത്തിൽ നടക്കുന്ന പ്രവാസി വായന കാമ്പയിന് റിയാദിൽ തുടക്കമായി. റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ ചേർന്ന ഐസിഎഫ് സെനറ്റ് യോഗത്തിൽ മുഴുവൻ റീജിയൻ സെനറ്റ് അംഗങ്ങളും വരി ചേർന്നാണ് കാമ്പയിന് തുടക്കം കുറിച്ചത്. പ്രവാസി സമൂഹത്തിൽ വായനാശീലം വളർത്തുന്നതിനായി ആരംഭിച്ചതാണ് പ്രവാസി വായന മാസിക.
പ്രവാസം, സാമൂഹികം, സാംസ്‌കാരികം, വിദ്യാഭ്യാസം, ആത്മീയം, കുടുംബം, രാഷ്ട്രീയം തുടങ്ങിയ ആനുകാലിക വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്ന വായനയിൽ പ്രവാസി മലയാളികളുടെ രചനകൾക്കും അനുഭവങ്ങൾക്കുമാണ് പ്രഥമ പരിഗണന നൽകുന്നത്. പ്രവാസി മലയാളികളുടെ ശബ്‌ദമായ വായന പന്ത്രണ്ട് വർഷം പൂർത്തിയാക്കുകയാണ്.
ഗൾഫ് രാജ്യങ്ങളിൽ അച്ചടിക്കുന്ന ഏക മലയാള മാസിക കൂടിയായ പ്രവാസി വായന പ്രിൻറഡ് കോപ്പികൾക്ക് പുറമെ ഡിജിറ്റൽ വായനക്ക് കൂടി പ്രാധാന്യം നൽകി കൊണ്ടാണ് പുതിയ കാമ്പയിൻ ആരംഭിച്ചത്. റിയാദിൽ നടന്ന കാമ്പയിൻ സൗദി നാഷണൽ ക്ഷേമകാര്യ സെക്രട്ടറി ലുഖ്‌മാൻ പാഴൂർ ഉത്ഘാടനം ചെയ്‌തു. അബ്‌ദുറഹ്‌മാൻ സഖാഫി ബദിയ അധ്യക്ഷത വഹിച്ചു. റീജിയൻ പബ്ലിക്കേഷൻ സെക്രട്ടറി അബ്‌ദുൽ ജബ്ബാർ കുനിയിൽ കാമ്പയിൻ അവലോകനം ചെയ്‌തു. അഷ്‌റഫ് അലി കീഴ്പ്പറമ്പ്,അഷറഫ് ഓച്ചിറ, ഹുസൈൻ അലി കടലുണ്ടി, അബ്ദുസലാം പാമ്പുരുത്തി, ഇബ്രാഹീം കരീം, അബ്ദുൽ മജീദ് താനാളൂർ, ഷമീർ രണ്ടത്താണി തുടങ്ങിയവർ സംബന്ധിച്ചു.



