കുവൈത്ത് സിറ്റി – യൂറോപ്പിൽ നിന്ന് വന്‍ മദ്യശേഖരം രാജ്യത്തേക്ക് കടത്താനുള്ള ശ്രമം കുവൈത്ത് കസ്റ്റംസ് വിഫലമാക്കി. യൂറോപ്യന്‍ രാജ്യത്ത് നിന്ന് എത്തിയ 20 അടി ഷിപ്പിംഗ് കണ്ടെയ്നറിനുള്ളില്‍ ഒളിപ്പിച്ച 3,037 കുപ്പി മദ്യമാണ് ശുവൈഖ് തുറമുഖത്തു വെച്ച് കസ്റ്റംസ് പിടികൂടിയത്. കുപ്പികൾ സ്റ്റീല്‍ കേബിള്‍ റീലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
രഹസ്യ വിവരത്തെ തുടർന്ന് ജനറല്‍ ഫയര്‍ഫോഴ്സിന്റെ പിന്തുണയോടെ കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ അന്വേഷണത്തിലാണ് മദ്യശേഖരം പിടികൂടിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കസ്റ്റംസ് നിയന്ത്രണം കര്‍ശനമാക്കാനും കള്ളക്കടത്ത് ശ്രമങ്ങള്‍ തടയാനും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍സ്വബാഹ് നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഈ ഓപ്പറേഷന്‍ നടത്തിയത്.
ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ സ്റ്റീല്‍ കേബിള്‍ റീലുകൾ പൊളിച്ചു മാറ്റുകയും തുടർന്ന് വിദേശ മദ്യ കുപ്പികൾ കണ്ടെത്തുകയായിരുന്നു. പിടികൂടുന്നതിന്റെ വീഡിയോ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. കണ്ടെയ്‌നറില്‍ കൂടുതൽ മദ്യമോ നിരോധിത വസ്തുക്കളോ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മദ്യക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂാനും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി