കുവൈത്ത് സിറ്റി – ചരക്ക് ലോഡില്‍ ഒളിപ്പിച്ച് ഫ്രാന്‍സില്‍ നിന്ന് കുവൈത്തിലേക്ക് കടത്തിയ വന്‍ മദ്യശേഖരം കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ പിടികൂടി. ഇരുമ്പ് ഷീറ്റ് ലോഡില്‍ ഒളിപ്പിച്ച് 3,144 കുപ്പി മദ്യം കടത്താനുള്ള ശ്രമമാണ് വിഫലമാക്കിയത്. പ്രാദേശിക കമ്പനി ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്ത കണ്ടെയ്‌നറില്‍ കസ്റ്റംസ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് സെര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റിന് സംശയം തോന്നുകയായിരുന്നു. മുന്‍കൂര്‍ അന്വേഷണങ്ങളുടെയും ഇറക്കുമതി നീക്കങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് സംശയം തോന്നിയത്.


കസ്റ്റംസ് രേഖകളില്‍ കണ്ടെയ്‌നറില്‍ ഇരുമ്പ് ഷീറ്റുകളാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ കണ്ടെയ്‌നര്‍ തുറന്ന് സമഗ്രമായ പരിശോധന നടത്തി. ചരക്ക് ലോഡില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയില്‍ 3,144 മദ്യക്കുപ്പികള്‍ കണ്ടെത്തി. മദ്യക്കടത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ ആരംഭിച്ചതായി കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.



