ജിദ്ദ- മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസില്ലാത്ത കെട്ടിടങ്ങളിൽ തീർഥാടകരെ താമസിപ്പിച്ചും നിയമലംഘനം നടത്തിയ നാല് സൗദി ഉംറ സർവീസ് കമ്പനികൾക്കും നാല് വിദേശ ഏജന്റുമാർക്കും ഹജ്ജ്- ഉംറ മന്ത്രാലയം താൽക്കാലിക വിലക്കേർപ്പെടുത്തി. തുടർച്ചയായ ഫീൽഡ് പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കുമൊടുവിലാണ് മന്ത്രാലയത്തിന്റെ കർശന നടപടി.
നിയമലംഘനം മൂലം നിരവധി തീർഥാടകർ ദുരിതത്തിലായതായി മന്ത്രാലയം വ്യക്തമാക്കി. കമ്പനികളെ താൽക്കാലികമായി വിലക്കിയതിന് പുറമെ, കേസ് കൂടുതൽ അന്വേഷണത്തിനും ശിക്ഷാ നടപടികൾക്കുമായി തീർഥാടകരുടെ പരാതികൾ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.
ഉംറ സേവനദാതാക്കൾ നിയമങ്ങളും കരാറുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തീർഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും മന്ത്രാലയം നിരന്തരം ഫീൽഡ്- ഡിജിറ്റൽ നിരീക്ഷണങ്ങൾ നടത്തിവരികയാണ്.
സൗദി വിഷൻ 2030ന്റെ ഭാഗമായുള്ള ‘പിൽഗ്രിംസ് സർവീസ് പ്രോഗ്രാം’ ലക്ഷ്യങ്ങൾ മുൻനിർത്തി സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ വരുംദിവസങ്ങളിലും ശക്തമായ നിയമനടപടികൾ തുടരുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







