ജിദ്ദ – സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ച് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്‌മദ് അല്‍റാജ്ഹി ഉത്തരവ് പുറപ്പെടുവിച്ചു. തൊഴില്‍ അന്തരീക്ഷം വികസിപ്പിക്കാനും അതിന്റെ സ്ഥിരതയും വളര്‍ച്ചയും വര്‍ധിപ്പിക്കാനും സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സുസ്ഥിരതയും ഉയര്‍ത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴില്‍ വിപണി സ്ഥിരതയെ പിന്തുണക്കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും തൊഴില്‍ അന്തരീക്ഷത്തിന്റെ ആകര്‍ഷണീയതയും വഴക്കവും വര്‍ധിപ്പിക്കാനും അതുവഴി സ്വകാര്യ മേഖലയുടെ മത്സരശേഷി വര്‍ധിപ്പിക്കാനും നിയമങ്ങള്‍ പാലിക്കല്‍ ശക്തിപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നതായി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
2025 ഫെബ്രുവരി 8 ന് റോയല്‍ ഡിക്രി പ്രകാരം പുറപ്പെടുവിച്ച തൊഴില്‍ നിയമത്തിലെ ഭേദഗതികള്‍ക്കും 2025 ഓഗസ്റ്റ് 19 ലെ മന്ത്രിതല തീരുമാനത്തിലൂടെ അതിന്റെ നടപ്പാക്കല്‍ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ക്കും അനുസൃതമായാണ് പിഴകളില്‍ ഭേദഗതികള്‍ വരുത്തിയതെന്ന് മന്ത്രാലയം വിശദീകരിച്ചു. സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും നിയമങ്ങള്‍ നടപ്പാക്കുന്നതിലും അവ പാലിക്കുന്നതിലും കൂടുതല്‍ വ്യക്തത നല്‍കുക എന്ന ലക്ഷ്യത്തോടെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മേഖലയുടെ സ്വഭാവമനുസരിച്ച് ഏതാനും നിയമ ലംഘനങ്ങളെ പ്രത്യേക വിഭാഗങ്ങളായി പുനഃവര്‍ഗീകരിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ബാധകമായ പൊതുവായ നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും നിര്‍ണയിച്ചിട്ടുണ്ട്. ഇതിനു പുറമെ ഖനികള്‍, ക്വാറികള്‍, സമുദ്ര തൊഴില്‍ കരാറുകള്‍, ഓപ്പറേഷന്‍-മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍, മാനവശേഷി, റിക്രൂട്ട്മെന്റ് കമ്പനികള്‍, റിക്രൂട്ട്മെന്റ് ഓഫീസുകള്‍ എന്നിവയിലൂടെയുള്ള റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങളും തൊഴില്‍ സേവനങ്ങളും, ഗാര്‍ഹിക തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളി പരസ്യങ്ങള്‍ നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍, സൗദികള്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കല്‍, ലൈസന്‍സില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യല്‍, ഔട്ട്സോഴ്സിംഗ്, കാര്‍ഷിക തൊഴിലാളികള്‍, ഇടയന്മാര്‍, സമാന വിഭാഗങ്ങളിലുള്ളവര്‍ എന്നിവരുമായി ബന്ധപ്പെട്ട പ്രത്യേക നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും പ്രത്യേകം തരംതിരിച്ചിരിക്കുന്നു
.
പൊതുജനങ്ങളില്‍ നിന്നും ബന്ധപ്പെട്ട പങ്കാളികളില്‍ നിന്നും ഫീഡ്ബാക്ക് ശേഖരിക്കാനായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്ഫോം വഴി തൊഴില്‍ നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട കരടു ഭേദഗതി മന്ത്രാലയം നേരത്തെ പരസ്യപ്പെടുത്തിയിരുന്നു. പരിഷ്‌കരിച്ച പട്ടികയില്‍ ഏതാനും പുതിയ നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും അടങ്ങിയിരിക്കുന്നു. അംഗീകൃത നിയമങ്ങള്‍ക്കനുസൃതമായി ജീവനക്കാരുടെ ഡാറ്റ അപ്ഡേറ്റ് ചെയ്യാതിരിക്കുകയോ തൊഴില്‍ കരാറുകള്‍ ഡോക്യുമെന്റ് ചെയ്യാതിരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് 10,000 റിയാല്‍ വരെ പിഴ ലഭിക്കും. രേഖാമൂലമുള്ള തൊഴില്‍ കരാറില്ലാതെയും അംഗീകൃത ഇലക്ട്രോണിക് സംവിധാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാതെയും ജോലിക്ക് വെക്കുന്ന ഓരോ തൊഴിലാളിക്കും 5,000 റിയാല്‍ വരെ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തും. ജോലി സമയം, പ്രതിവാര അവധി എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാത്തതിനും അംഗീകൃത സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാതെ അപകടകരമായ ജോലികളില്‍ തൊഴിലാളികളെ ജോലിക്ക് വെക്കുന്നതിനും 20,000 റിയാല്‍ വരെ പിഴയും പരിഷ്‌കരിച്ച പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആവശ്യമായ ലൈസന്‍സ് നേടാതെ റിക്രൂട്ട്മെന്റ്, തൊഴിലാളി കൈമാറ്റ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 25,000 റിയാല്‍ വരെ പിഴ ലഭിക്കും. ഗാര്‍ഹിക തൊഴിലാളി സേവനങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളെ നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ ലംഘിക്കുന്നതിനും അത്തരം പരസ്യങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും 15,000 റിയാല്‍ വരെ പിഴ ചുമത്തും. ആവര്‍ത്തിച്ചുള്ള നിയമ ലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാക്കാനും പ്രവര്‍ത്തനം താല്‍ക്കാലികമായി വിലക്കാനും ഭേദഗതികളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.



