കുവൈത്ത് സിറ്റി – കുവൈത്തില്‍ വൈദ്യുതി സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉല്‍പാദന യൂണിറ്റുകള്‍, വൈദ്യുതി പ്രസരണ ശൃംഖലകള്‍, ട്രാന്‍സ്‌ഫോര്‍ നിലയങ്ങള്‍ എന്നിവ അടക്കം ദേശീയ ഊര്‍ജ ശൃംഖലയിലെ പ്രധാന മേഖലകളിൽ അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
വൈദ്യുതി സംവിധാനത്തിന്റെ വിശ്വാസ്യതയും വര്‍ധിപ്പിക്കാനും ഈ മേഖലയിൽ നേരിടുന്ന തകരാറുകൾ ഒഴിവാക്കാനുമാണ് ഈ അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നും
മന്ത്രാലയ വക്താവ് എന്‍ജിനീയര്‍ ഫാത്തിമ ഹയാത്ത് പറഞ്ഞു.
അതിനാൽ തന്നെ രാജ്യത്തെ ചില പ്രദേശങ്ങളില്‍ താല്‍ക്കാലികമായി വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന വിവരം സഹില്‍ ആപ്പ് വഴി മന്ത്രാലയം അറിയിക്കും. അറ്റകുറ്റപ്പണികളുടെ എല്ലാം അപ്ഡേറ്റുകളും മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ ലഭ്യമാകും. ഈ സമയങ്ങളിൽ മന്ത്രാലയം നൽകുന്ന അപ്ഡേറ്റുകൾ എല്ലാവരും നിരീക്ഷിക്കണമെന്നും എന്‍ജിനീയര്‍ ഫാത്തിമ ഹയാത്ത് അഭ്യര്‍ഥിച്ചു.