കുവൈത്ത് സിറ്റി – കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2024-2025) കുവൈത്ത് 105.5 കോടി കുവൈത്തി ദിനാര്‍ ബജറ്റ് കമ്മി നേരിട്ടതായി റിപ്പോർട്ട്. സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ച ഫൈനല്‍ അക്കൗണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും ആകെ വരുമാനം 22 ബില്യണ്‍ കുവൈത്തി ദിനാറായിരുന്നു.എന്നാൽ, ചെലവ് 23.1 ബില്യണ്‍ കുവൈത്തി ദിനാറുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കുവൈത്ത് അതോറിറ്റി ഫോര്‍ പാര്‍ട്ണര്‍ഷിപ്പ് പ്രൊജക്ട്‌സ് ധനവിനിയോഗം 33.5 ലക്ഷം ദിനാറും വരുമാനം 1,03,500 ദിനാറുമായിരുന്നു. വരുമാനത്തെക്കാള്‍ 32.5 ലക്ഷം ദിനാര്‍ കൂടുതലാണ് അതോറിറ്റിയുടെ ധനവിനിയോഗം.
കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ധനവിനിയോഗം 4.476 കോടി ദിനാറും വരുമാനം 57,019 ദിനാറുമാണ്. വരുമാനത്തെക്കാള്‍ ചെലവ് 4.472 കോടി ദിനാര്‍ കൂടുതലാണ്. കുവൈത്ത് ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ചെലവ് 88.8 ലക്ഷം ദിനാറും വരുമാനം പത്തു ലക്ഷം ദിനാറുമാണ്. അതോറിറ്റിയുടെ ചെലവ് വരുമാനത്തെക്കാള്‍ 78.4 ലക്ഷം ദിനാര്‍ കൂടുതലാണെന്നും സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ച ഫൈനല്‍ അക്കൗണ്ട് വ്യക്തമാക്കുന്നു.