കുവൈത്ത് സിറ്റി– സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ജാപ്പനീസ് വാള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്ത കുവൈത്തി പൗരന് വിചാരണ കോടതി വിധിച്ച 12 വര്‍ഷത്തെ കഠിന തടവ് ശിക്ഷ കുവൈത്ത് അപ്പീല്‍ കോടതി ശരിവെച്ചു.
പ്രതിയുടെ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയിലെ നാലു ഞരമ്പുകള്‍ മുറിഞ്ഞിരുന്നു. അല്‍ശാമിയയിലെ തന്റെ വീടിനുള്ളില്‍ യുക്രേനിയന്‍ ഭാര്യയെ തടഞ്ഞുവെച്ച പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള റെയ്ഡിനിടെ മയക്കുമരുന്ന്, ആയുധങ്ങള്‍, വെടിയുണ്ടകള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിക്കുകയും മാരക ഉപകരണങ്ങള്‍ ഉപയോഗിക്കുകയും നിരോധിത വസ്തുക്കളും ലൈസന്‍സില്ലാത്ത ആയുധങ്ങളും കൈവശം വെക്കുകയും ചെയ്ത് പൊതുസുരക്ഷക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന പ്രവൃത്തികള്‍ പ്രതി ചെയ്തതായി കോടതി വ്യക്തമാക്കി.