കുവൈത്ത് സിറ്റി – കുവൈത്തി നടി ശുജൂന്‍ അല്‍ഹാജിരിയെ ഒരു വര്‍ഷത്തില്‍ കൂടാത്ത കാലയളവിലേക്ക് പ്രത്യേക ലഹരി പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിക്കാന്‍ കുവൈത്ത് കോടതി ഉത്തരവിട്ടു. വ്യക്തിഗത ഉപയോഗത്തിനായി ഉദ്ദേശിച്ചിട്ടുള്ള അളവില്‍ കഞ്ചാവും കൊക്കെയ്നും കൈവശം വെച്ചതിന് നടിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ച് നടിക്കെതിരായ കേസ് ആഭ്യന്തര മന്ത്രാലയം പിന്നീട് ബന്ധപ്പെട്ട ജുഡീഷ്യല്‍ വകുപ്പുകള്‍ക്ക് റഫര്‍ ചെയ്യുകയായിരുന്നു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ചികിത്സയും മാനസിക പിന്തുണയും നല്‍കുന്നതിലൂടെ നിയമത്തിന്റെ പ്രയോഗം സന്തുലിതമാക്കാനും അതുവഴി അവരുടെ പുനരധിവാസത്തിനും സമൂഹത്തിലേക്കുള്ള പുനഃസംയോജനത്തിനും സഹായിക്കാനും ലക്ഷ്യമിടുന്ന കുവൈത്തിന്റെ നിയമനയത്തിന് അനുസൃതമായാണ് ശുജൂന്‍ അല്‍ഹാജിരിയെ ലഹരി പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.



