കുവൈത്ത് സിറ്റി – വിന്‍ഡോസ് തകരാറ് കുവൈത്തിലും ചില വിമാന സര്‍വീസുകളെ ബാധിച്ചതായി കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തന തുടര്‍ച്ചാ പദ്ധതി ആക്ടിവേറ്റ് ചെയ്തു. ചില അന്താരാഷ്ട്ര കമ്പനികളുടെ പ്ലാറ്റ്‌ഫോമുകളുടെ ആഗോള സിസ്റ്റത്തില്‍ ഇന്ന് രാവിലെയുണ്ടായ സാങ്കേതിക തകരാര്‍ കുവൈത്ത് എയര്‍പോര്‍ട്ടില്‍ ഫ്‌ളൈറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും ചില വിമന സര്‍വസുകളെയും ബാധിച്ചതായി കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് വക്താവ് അബ്ദുല്ല അല്‍റാജ്ഹി പറഞ്ഞു.
ആഗോള സാങ്കേതിക തകരാറ് തങ്ങളുടെ ഫ്‌ളൈറ്റ് ഓപ്പറേഷനുകളെ ബാധിച്ചിട്ടില്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ആഗോള തലത്തില്‍ സാങ്കേതിക തകരാര്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാം. സ്ഥിതിഗതികള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇതുവരെ എമിറേറ്റ് ഫ്‌ളൈറ്റുകളെ തകരാര്‍ ബാധിച്ചിട്ടില്ല. ഞങ്ങളുടെ നെറ്റ്‌വര്‍ക്കിലെ ചില വിമാനത്താവളങ്ങളില്‍ നിന്നുള്ള ഫ്‌ളൈറ്റ് പുറപ്പെടല്‍ വൈകിയതിന്റെ ഫലമായി പിന്നീട് ചില ഫ്‌ളൈറ്റുകള്‍ക്ക് കാലതാമസം ഉണ്ടായേക്കാം – കമ്പനി വക്താവ് പറഞ്ഞു.
ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായി എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു. ആഗോള തലത്തില്‍ സിസ്റ്റത്തിലുണ്ടായ തകരാറ് ഒന്നും രണ്ടും ടെര്‍മിനലുകളില്‍ ചില വിമാനങ്ങളുടെ ചെക്ക്-ഇന്‍ പ്രക്രിയയെ ബാധിച്ചു. ആഗോള സാങ്കേതിക തകരാറ് ബാധിച്ച വിമാന കമ്പനികള്‍ ഉടന്‍ തന്നെ ബദല്‍ സിസ്റ്റത്തിലേക്ക് മാറി. ഇതിലൂടെ സാധാരണ നിലയില്‍ ചെക്ക്-ഇന്നുകള്‍ വേഗത്തില്‍ പുനരാരംഭിക്കാന്‍ സാധിച്ചതായും ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു. സാങ്കേതിക തകരാറ് തങ്ങളുടെ ഓപ്പറേഷനുകളെ ബാധിച്ചിട്ടില്ലെന്നും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ഫ്‌ളൈ ദുബായ് വക്താവ് പറഞ്ഞു.