കുവൈത്ത് സിറ്റി– കുവൈത്തിൽ സ്വകാര്യ സ്‌കൂളുകളിൽ ഈ വർഷവും ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വിലക്കി. രാജ്യത്തെ സ്വകാര്യ സ്‌കൂളുകളിലെ ട്യൂഷൻ ഫീസ് വർധനവ് താൽക്കാലികമായി നിർത്തിവെച്ച മന്ത്രിതല തീരുമാനം 2025-2026 അധ്യയന വർഷത്തേക്ക് കൂടി നീട്ടി വിദ്യാഭ്യാസ മന്ത്രി ജലാൽ അൽതബ്തബായി ഉത്തരവിറക്കി. ചട്ടങ്ങൾ ലംഘിക്കുന്ന സ്‌കൂളുകൾക്ക് പിഴ ചുമത്താൻ വിദ്യാഭ്യാസ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിക്ക് അധികാരം നൽകിയതായും മന്ത്രി പറഞ്ഞു. സ്‌കൂൾ ഫീസ് നിയന്ത്രിക്കാനും രക്ഷിതാക്കളുടെ മേലുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കാനുമുള്ള പ്രതിബദ്ധതയാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.
എല്ലാ വിദ്യാർഥികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കാനായി സ്വകാര്യ സ്‌കൂളുകൾക്ക് വാർഷിക സ്‌കൂൾ ഫീസ് വർധിപ്പിക്കാൻ അനുവാദമില്ലെന്ന ഉത്തരവര് 2018ൽ ഇറക്കിയിരുന്നു. ഭിന്നശേഷി വിദ്യാർഥികൾക്ക് സേവനം നൽകുന്ന സ്‌കൂളുകളിലെ ട്യൂഷൻ ഫീസ് സംബന്ധിച്ച 2020 ലെ തീരുമാനം 2025-2026 അധ്യയന വർഷവും പ്രാബല്യത്തിൽ തുടരുമെന്നും തീരുമാനത്തിൽ കൂട്ടിച്ചേർത്തു.