കുവൈത്ത് സിറ്റി – പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയ ശേഷം കുവൈത്തില്‍ വാഹനാപകടങ്ങള്‍, അപകട മരണങ്ങള്‍, ട്രാഫിക് നിയമ ലംഘനങ്ങള്‍ എന്നിവയില്‍ കുത്തനെ കുറവുണ്ടായതായി ഉന്നത ട്രാഫിക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പകുതിയില്‍ രാജ്യത്ത് വാഹനാപകടങ്ങള്‍ 45 ശതമാനം തോതില്‍ കുറഞ്ഞതായി ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം മേധാവി കേണല്‍ ഫഹദ് അല്‍ഈസ പറഞ്ഞു. ഈ വര്‍ഷം ആദ്യ പകുതിയില്‍ 1,383 വാഹനാപകടങ്ങളാണുണ്ടായത്. 2024 ല്‍ ഇതേ കാലയളവിലെ 2,511 റോഡ് അപകടങ്ങളുണ്ടായിരുന്നു.
ഏപ്രില്‍ 22 ന് നടപ്പാക്കിയ പുതിയ ട്രാഫിക് നിയമം ഡ്രൈവര്‍മാരില്‍ നല്ല സ്വാധീനം ചെലുത്തുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം വാഹന അപകട മരണങ്ങള്‍ 34 ശതമാനം തോതില്‍ കുറഞ്ഞു. ആറു മാസത്തിനിടെ 94 പേരാണ് റോഡ് അപകടങ്ങളില്‍ മരണപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 143 പേര്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടിരുന്നു.
ഗതാഗത നിയമ ലംഘനങ്ങള്‍ 16 ശതമാനം തോതിലും കുറഞ്ഞു. ഈ വര്‍ഷം ആദ്യ പകുതിയില്‍ 16.6 ലക്ഷം ഗതാഗത നിയമ ലംഘനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ 19.7 ലക്ഷം നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. പുതിയ നിയമത്തിന്റെ പൂര്‍ണ സ്വാധീനം അനുഭവപ്പെട്ട മെയ്, ജൂണ്‍ മാസങ്ങളില്‍ ഈ കുറവ് വളരെ കൂടുതലായിരുന്നു.
മെയ് മാസത്തില്‍ റോഡ് അപകട മരണങ്ങള്‍ പകുതിയായി കുറഞ്ഞു. മെയ് മാസത്തില്‍ 11 ജീവനുകളാണ് അപകടങ്ങളില്‍ പൊലിഞ്ഞത്. 2024 മെയ് മാസത്തില്‍ 22 പേര്‍ അപകടങ്ങളില്‍ മരണപ്പെട്ടിരുന്നു. ജൂണില്‍ മരണം 75 ശതമാനം തോതില്‍ കുറഞ്ഞു. ജൂണില്‍ അഞ്ചു പേര്‍ മാത്രമാണ് അപകടങ്ങളില്‍ മരിച്ചത്. 2024 ജൂണില്‍ 20 പേര്‍ അപകടങ്ങളില്‍ മരണപ്പെട്ടിരുന്നു. മെയ് മാസത്തില്‍ 1,26,000 ട്രാഫിക് നിയമ ലംഘനങ്ങളാണ് ക്യാമറകള്‍ റെക്കോര്‍ഡ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മേയില്‍ 3,08,000 ട്രാഫിക് നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മേയില്‍ നിയമ ലംഘനങ്ങള്‍ 58 ശതമാനം തോതില്‍ കുറഞ്ഞു. ജൂണില്‍ 53 ശതമാനം തോതിലും ട്രാഫിക് നിയമ ലംഘനങ്ങള്‍ കുറഞ്ഞു.
ജൂണില്‍ 1,64,000 ട്രാഫിക് നിയമ ലംഘനങ്ങളാണ് ക്യാമറകള്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 3,49,000 ട്രാഫിക് നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തിയിരുന്നെന്ന് ഫഹദ് അല്‍ഈസ പറഞ്ഞു. റെഡ് സിഗ്നല്‍ കട്ട് ചെയ്യല്‍, അമിതവേഗം തുടങ്ങിയ ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്ക് പുതിയ ട്രാഫിക് നിയമം പിഴകളും ശിക്ഷകളും പലമടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്.