കുവൈത്ത് സിറ്റി – മായം കലര്‍ത്തിയ മയക്കുമരുന്ന് നല്‍കി മയക്കുമരുന്ന് വ്യാപാരി തന്നെ കബളിപ്പിച്ചെന്ന പരാതിയുമായി സ്വദേശി യുവാവ് സുരക്ഷാ വകുപ്പുകളെ സമീപിച്ചു. കുവൈത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു വിചിത്രമായ പരാതി സുരക്ഷാ വകുപ്പുകള്‍ക്ക് ലഭിക്കുന്നത്. മയക്കുമരുന്ന് അടിമയായ യുവാവാണ് പരാതിക്കാരന്‍. മയക്കുമരുന്ന് വ്യാപാരിയില്‍ നിന്ന് യുവാവ് 300 കുവൈത്തി ദീനാറിന് മയക്കുമരുന്ന് വാങ്ങുകയായിരുന്നു. എന്നാല്‍ മയക്കുമരുന്നില്‍ ഇലകള്‍ പൊടിച്ചുചേര്‍ത്തതായി വ്യക്തമായി.
മയക്കുമരുന്ന് വ്യാപാരിയില്‍ നിന്ന് വന്‍തുകക്ക് വാങ്ങിയ മയക്കുമരുന്ന് കഴിച്ച തനിക്ക് യാതൊന്നും സംഭവിച്ചില്ലെന്ന് യുവാവ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞു. യുവാവ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ വകുപ്പുകള്‍ കെണിയൊരുക്കി മയക്കമരുന്ന് വ്യാപാരിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വില്‍പനക്ക് സൂക്ഷിച്ച മയക്കുമരുന്ന് ശേഖരം കണ്ടെത്തി. മയക്കുമരുന്നിന്റെ അളവ് കൂട്ടാനും കൂടുതല്‍ ലാഭം നേടാനും മയക്കുമരുന്നില്‍ ഇലകള്‍ പൊടിച്ചുചേര്‍ത്തതായി ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് വ്യാപാരി കുറ്റസമ്മതം നടത്തി. നിയമ നടപടികള്‍ക്ക് മയക്കുമരുന്ന് വ്യാപാരിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണം പരാതിക്കാരനെതിരെയും ഉന്നയിച്ചു. കേസ് വിചാരണയുടെ ആദ്യ സിറ്റിംഗ് മെയ് 26 ന് നടത്താന്‍ കുവൈത്ത് ക്രിമിനല്‍ കോടതി തീരുമാനിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group