കുവൈത്ത് സിറ്റി: കുവൈത്ത് ടീച്ചേഴ്സ് അസോസിയേഷനിൽ നിന്ന് വൻതുക തട്ടിയെടുത്ത, അസോസിയേഷനിൽ ഫിനാൻഷ്യൽ മാനേജരായി ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ പൗരന് വിചാരണ കോടതി വിധിച്ച 10 വർഷം കഠിന തടവും 10 ലക്ഷം ദിനാർ പിഴയും പരമോന്നത കോടതി ശരിവെച്ചു. ഇതോടെ രാജ്യത്തെ പ്രധാനപ്പെട്ട സാമ്പത്തിക അഴിമതി കേസുകളിൽ ഒന്നിന് അന്ത്യമായി. സാമ്പത്തിക തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും തെളിഞ്ഞതിനെ തുടർന്നാണ് പ്രതിയെ ശിക്ഷിച്ചത്.
തന്റെ പദവി ദുരുപയോഗം ചെയ്ത് 2018 മുതൽ 2021 അവസാനം വരെ പ്രതി തന്റെ ശമ്പളം ആവർത്തിച്ച് വർധിപ്പിക്കുകയും, ഇല്ലാത്തവരുടെ പേര് രേഖപ്പെടുത്തി വ്യാജ ശമ്പള വിതരണ രേഖകൾ ഉണ്ടാക്കി പണം തട്ടിയെടുക്കുകയും, അസോസിയേഷന്റെ അക്കൗണ്ടിൽ നിന്ന് മറ്റുള്ളവർക്ക് അനർഹമായി അഞ്ച് ചെക്കുകൾ നൽകുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
ശമ്പള ബിൽ തയ്യാറാക്കുന്ന ചുമതലയുണ്ടായിരുന്ന പ്രതി, സ്വന്തം അക്കൗണ്ടിലേക്കും വ്യാജ അക്കൗണ്ടുകളിലേക്കും പണം ട്രാൻസ്ഫർ ചെയ്യാൻ അധികാരം ദുരുപയോഗം ചെയ്തതായി അന്വേഷണത്തിൽ വെളിപ്പെട്ടു. 2021 ഒക്ടോബറിൽ നടന്ന സൂക്ഷ്മ ഓഡിറ്റിംഗിൽ അസോസിയേഷന്റെ അക്കൗണ്ടുകളിൽ വലിയ കമ്മി കണ്ടെത്തിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമങ്ങൾക്ക് അറുതി വരുത്തി പരമോന്നത കോടതി അന്തിമ വിധി പുറപ്പെടുവിച്ചു. സാമ്പത്തിക തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും പിന്തുടരുന്നതിലും പൊതുസംഘടനകളുടെ സ്വത്ത് സംരക്ഷിക്കുന്നതിലും ജുഡീഷ്യറിയുടെ ദൃഢനിശ്ചയം ഈ വിധി സ്ഥിരീകരിക്കുന്നു.