കുവൈത്ത് സിറ്റി– സ്വബാഹ് ഹെല്‍ത്ത് ഡിസ്ട്രിക്ടിലെ ആശുപത്രിക്ക് സമീപം മൂന്ന് ബംഗ്ലാദേശുകാരെ മനഃപൂര്‍വം കാറിടിച്ച് തെറിപ്പിച്ച കുവൈത്തി പൗരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന് തൊട്ടുപിന്നാലെ പ്രതിയെ സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിക്ക് ഗുരുതരമായ മാനസിക വൈകല്യങ്ങള്‍ ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ കണ്ടെത്തി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകക്കുറ്റവും മറ്റ് അനുബന്ധ കുറ്റകൃത്യങ്ങളും പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ പൂര്‍ണ്ണ സാഹചര്യങ്ങളും ഉദ്ദേശ്യങ്ങളും നിര്‍ണ്ണയിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്.



