കുവൈത്ത് സിറ്റി – കുവൈത്തില്‍ ഡീസല്‍ സബ്‌സിഡി എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ സബ്‌സിഡിയില്ലാതെ ആഗോള വിപണി നിരക്കിലാണ് കുവൈത്തില്‍ ഇനി മുതല്‍ ഡീസല്‍ വില്‍ക്കുക. സബ്‌സിഡി സംവിധാനം പരിഷ്‌കരിക്കാനും പൊതുധന സുസ്ഥിരത കൈവരിക്കാനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായാണ് ഡീസല്‍ സബ്‌സിഡി എടുത്തുകളയാനുള്ള തീരുമാനം. വിദേശങ്ങളിലേക്കുള്ള ഡീസല്‍ കടത്ത് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വിഭവ ഉപയോഗത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും സബ്‌സിഡിയുടെ നിയമവിരുദ്ധമായ ചൂഷണം കുറക്കാനും ലക്ഷ്യമിട്ടാണ് ഡീസല്‍ സബ്‌സിഡി എടുത്തുകളയുന്നത്.
വാണിജ്യാവശ്യത്തിന് കമ്പനികള്‍ക്ക് വില്‍ക്കുന്ന ഡീസലിന്റെയും വ്യക്തികള്‍ക്ക് വില്‍ക്കുന്ന ഡീസലിന്റെയും സബ്‌സിഡി എടുത്തുകളയും. നിലവില്‍ ഒരു ലിറ്റര്‍ ഡീസല്‍ കമ്പനികള്‍ക്ക് 115 ഫില്‍സിനും വ്യക്തികള്‍ക്ക് 55 ഫില്‍സിനുമാണ് വില്‍ക്കുന്നത്. ഇനി മുതല്‍ ഓരോ മൂന്നു മാസത്തിലും ഡീസലിന്റെ വില പുനഃപരിശോധിച്ച് പുനര്‍നിര്‍ണയിക്കും.