കുവൈത്ത് സിറ്റി – വിഷ മദ്യ ദുരന്തത്തിന് പിന്നാലെ പരിശോധന കർശനമാക്കി വരുകയാണ് കുവൈത്ത് പോലീസ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി രണ്ടു കാറുകളിൽ നിന്ന് നിറയെ മദ്യക്കുപ്പികള്‍ പോലീസ് പിടിച്ചെടുത്തു. പ്രതികൾ പോലീസിനെ കണ്ട ഉടനെ ഇറങ്ങി ഓടിയതിനാൽ പിടികൂടാൻ സാധിച്ചിട്ടില്ല. ഉടനെ പിടികൂടുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കുവൈത്തിലെ ജിലീബ് അല്‍-ഷുയൂഖ് പ്രദേശത്തുള്ള സ്കൂള്‍ പാർക്കിങ് ഗ്രൗണ്ടില്‍ ഒരു വാഹനം സംശയാസ്പദമായ സാഹചര്യത്തില്‍ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് പരിശോധന നടത്താനായി സ്ഥലത്ത് എത്തി. എന്നാല്‍ പൊലീസ് വാഹനം കണ്ടതോടെ കാറിന്റെ ഡ്രൈവർ അവിടെ നിന്ന് ഓടി രക്ഷപെടുകയായിരുന്നു. ഈ വാഹനത്തിനുള്ളില്‍ 109 വിദേശ മദ്യം കുപ്പികൾ കണ്ടെത്തി. വാഹന ഉടമയെ പോലീസ് പിടിച്ചിട്ടുണ്ട്. കാർ ഓടിച്ചിരുന്ന ആളെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഈ മേഖലയിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് കിട്ടിയതിനാൽ പരിശോധന ശക്തമാക്കിയിരുന്നു.
ഈ പ്രദേശത്തു തന്നെയുള്ള ഒരു ബാർബർ ഷോപ്പിന് സമീപം മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ട പോലീസ് സ്ഥലത്തെത്തി പരിശോധിക്കുന്നതിന് മുമ്പ് ഡ്രൈവർ കടന്നുകളഞ്ഞിരുന്നു. ഡ്രൈവർ ഏഷ്യക്കാരനാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാർ പരിശോധിച്ചപ്പോള്‍ 47 കുപ്പികള്‍ ഇന്ത്യൻ മദ്യം പിടിച്ചെടുത്തു . വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.