കുവൈത്ത് സിറ്റി – സെക്കണ്ടറി പൊതുപരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ പത്തംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികളില്‍ നാലു പേര് വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥരും ആറു പേര് സാമൂഹികമാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ നടത്തുന്നവരുമാണ്. സാമ്പത്തിക കുറ്റാന്വേഷണ വകുപ്പും സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റും സഹകരിച്ചാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടയുടന്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം നടത്തിയാണ് സംഭവത്തില്‍ പങ്കുള്ള പത്തു പേരെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ആവശ്യമായ നിയമാനുസൃത അനുമതികള്‍ നേടിയ ശേഷം മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group