കുവൈത്ത് സിറ്റി – വേനല്‍ക്കാലത്തിന് മുന്നോടിയായി വൈദ്യുതി ഉല്‍പാദന നിലയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെയും ആവശ്യം വര്‍ധിച്ചതിന്റെയും ഫലമായി ചില കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ കുവൈത്ത് പവര്‍ കട്ട് നടപ്പാക്കാന്‍ തുടങ്ങി. ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ കുവൈത്ത് വൈദ്യുതിക്കുള്ള വേനല്‍ക്കാല ആവശ്യകത നിറവേറ്റാന്‍ പാടുപെടുകയാണ്. കടുത്ത ചൂട് ആരംഭിക്കുന്നതിനു മുമ്പു തന്നെ രാജ്യത്ത് പവര്‍ കട്ട് ആരംഭിച്ചത് ആശങ്കയുണ്ടാക്കുന്നു. താപനില കുതിച്ചുയര്‍ന്നിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ അപൂര്‍വമായി മാത്രമേ പവര്‍ കട്ട് നടപ്പാക്കിയിരുന്നുള്ളൂ.
അറേബ്യന്‍ ഉള്‍ക്കടലിലെ അബ്ദുല്ല തുറമുഖം, ശുവൈഖ് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയം അറിയിച്ചു. ഉയര്‍ന്ന ലോഡുകളും വേനല്‍ക്കാലത്ത് പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ വൈദ്യുതി നിലയങ്ങള്‍ തയ്യാറാക്കുന്നതിന് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിവന്നതും ചില പ്രദേശങ്ങളില്‍ പരിമിതമായ മണിക്കൂറുകള്‍ പവര്‍ കട്ട് നടപ്പാക്കാന്‍ കാരണമായി.
അല്‍അബ്ദലി, റൗദത്തൈന്‍, വഫ്ര എന്നിവിടങ്ങളിലെ ചില കാര്‍ഷിക മേഖലകളിലെയും അബ്ദുല്ല പോര്‍ട്ട്, സുബ്ഹാന്‍, സുലൈബിയ ഇന്‍ഡസ്ട്രിയല്‍ സിറ്റി, അല്‍റയ് ഇന്‍ഡസ്ട്രിയല്‍ സിറ്റി, ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ സിറ്റി എന്നിവിടങ്ങളിലെ ചില മേഖലകളിലെയും പരിമിതമായ ഭാഗങ്ങളില്‍ പവര്‍ കട്ട് നടപ്പാക്കി തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു. പവര്‍ കട്ട് പ്രതിദിനം മൂന്ന് മണിക്കൂറില്‍ കൂടില്ലെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
വൈദ്യുതിക്ക് വലിയ തോതില്‍ സബ്സിഡി നല്‍കുന്ന കുവൈത്തില്‍ വര്‍ധിച്ചുവരുന്ന ആവശ്യകത നിറവേറ്റാനായി പുതിയ വൈദ്യുതി നിലയങ്ങള്‍ നിര്‍മിക്കുന്നതിലുള്ള അനിശ്ചിതത്വം കാരണം വൈദ്യുതി മേഖല നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് വിദഗ്ധര്‍ പതിറ്റാണ്ടുകളായി മുന്നറിയിപ്പ് നല്‍കുന്നു. വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പലപ്പോഴും ജനങ്ങളെ പ്രേരിപ്പിക്കാറുണ്ടെങ്കിലും ഇതിനുള്ള സാമ്പത്തിക പ്രോത്സാഹനം കുറവാണ്.
പരസ്പരബന്ധിത ഗള്‍ഫ് വൈദ്യുതി ഗ്രിഡിന്റെ ഭാഗമായ കുവൈത്ത് കഴിഞ്ഞ വര്‍ഷം അയല്‍ രാജ്യമായ ഒമാനില്‍ നിന്ന് വൈദ്യുതി വാങ്ങി. വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നേരിടുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്നതിന് ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന് ഖത്തറുമായി 15 വര്‍ഷത്തെ പുതിയ കരാറില്‍ കുവൈത്ത് ഒപ്പുവെച്ചിട്ടുമുണ്ട്.
പരിമിതമായ അളവിലാണ് പവര്‍ കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും വേനല്‍ക്കാല താപനില 50 ഡിഗ്രിക്കു മുകളില്‍ ഉയരാന്‍ സാധ്യതയുള്ള പല മധ്യപൗസത്യ രാജ്യങ്ങള്‍ക്കും കുവൈത്തിന്റെ ഏറ്റവും പുതിയ പവര്‍ കട്ട് ഒരു മുന്നറിയിപ്പാണ്. നിലവിലുള്ള വൈദ്യുതി നിലയങ്ങള്‍ക്ക് വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ കഴിയാത്തതിനാല്‍ ഇറാഖില്‍ വര്‍ഷങ്ങളായി വൈദ്യുതി സ്തംഭനങ്ങള്‍ നേരിടുന്നു. 2024 ല്‍ ഈജിപ്തില്‍ കടുത്ത ഊര്‍ജ ക്ഷാമം നേരിട്ടു. ഇത് ഗ്യാസ് ഇറക്കുമതി ചെയ്യുന്ന രാജ്യമാക്കി ഈജിപ്തിനെ മാറ്റി. നേരത്തെ ഈജിപ്ത് പ്രകൃതി വാതകം കയറ്റി അയച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയില്‍ നടന്ന ഹജ് തീര്‍ഥാടന വേളയില്‍ ചൂടുമായി ബന്ധപ്പെട്ട നൂറുകണക്കിന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.