കുവൈത്ത് സിറ്റി– സംഘടിത ക്രിമിനല്‍ സംഘം സ്ഥാപിച്ച് ഓണ്‍ലൈന്‍ ചൂതാട്ട വെബ്സൈറ്റ് നടത്തുകയും അനധികൃത സമ്പത്ത് വെളുപ്പിക്കുകയും ചെയ്ത കേസില്‍ ഒമ്പത് പേര്‍ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി ഏഴ് വര്‍ഷം വീതം തടവും 10 ലക്ഷം കുവൈത്തി ദീനാര്‍ പിഴയും വിധിച്ചു. കേസില്‍ ഉള്‍പ്പെട്ട ഒരു കമ്പനിക്ക് കോടതി 18.39 കോടി ദീനാറില്‍ കൂടുതല്‍ പിഴ ചുമത്തി. നേരിട്ടോ അല്ലാതെയോ ഏതെങ്കിലും തരത്തിലുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്ന് കമ്പനിക്ക് സ്ഥിരമായി വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. സാമ്പത്തിക കൈമാറ്റം സുഗമമാക്കുന്നതിലുള്ള പങ്കിന് കമ്പനിക്കെതിരായ വിധി ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു.
സംഘടിത കുറ്റകൃത്യങ്ങള്‍ ചെറുക്കാനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കാനും സുരക്ഷാ വകുപ്പുകള്‍ നടത്തിയ നിരന്തരമായ ശ്രമങ്ങളെ തുടര്‍ന്നാണ് കേസില്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ചൂതാട്ടത്തില്‍ നിന്നുള്ള വരുമാനം മെഡിക്കല്‍ ക്ലിനിക്കിന്റെയും വാണിജ്യ കമ്പനികളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് എത്തിച്ചതെന്നും, നിയമാനുസൃത വരുമാനമായി തെറ്റായി രേഖപ്പെടുത്തിയ ശേഷം, അവയുടെ നിയമവിരുദ്ധമായ ഉത്ഭവം മറച്ചുവെക്കാന്‍ പുനരുപയോഗിച്ച ശേഷം വിദേശത്തേക്ക് മാറ്റുകയായിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
നിയമവിരുദ്ധ വെബ്സൈറ്റുകളുമയായി ഇടപാടുകള്‍ നടത്തുന്നതും അവയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ചൂഷണം ചെയ്യുന്ന ഏതൊരാള്‍ക്കുമെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



