കുവൈത്ത് സിറ്റി – മയക്കുമരുന്ന് കേസിലെ പ്രതിയെ സ്വന്തം കാറിൽ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥൻ നുവൈസിബ് അതിർത്തിയിൽ പിടിയിലായി. ഇതേ ബോർഡർ ക്രോസിംഗിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ് തന്റെ ഗോത്രത്തിൽപ്പെട്ട ക്രിമിനൽ കേസ് പ്രതിയെ നിയമവിരുദ്ധമായി രാജ്യം കടത്താൻ ശ്രമിച്ചത്. എക്സിറ്റ് ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് വൻ ക്രമക്കേട് പുറത്തുകൊണ്ടുവന്നത്.
യാത്രക്കാരുടെ രേഖകൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ വാഹനം തടഞ്ഞപ്പോൾ, സുഹൃത്ത് തനിക്കൊപ്പമാണെന്നും കടത്തിവിടണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഗേറ്റ് ഉദ്യോഗസ്ഥൻ വഴങ്ങാതിരുന്നതോടെ യാത്രക്കാരൻ മറ്റൊരാളുടെ കാലഹരണപ്പെട്ട രേഖകൾ ഹാജരാക്കി. ഇത് കൂടുതൽ സംശയത്തിന് ഇടയാക്കുകയും തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇയാൾ മയക്കുമരുന്ന് കേസിൽ സുരക്ഷാ വകുപ്പുകൾ തിരയുന്ന പ്രതിയാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇരട്ട പൗരത്വമുള്ള ഈ പ്രതിയെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അതിർത്തി കടത്താനായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ശ്രമം. സംഭവത്തിൽ ഇരുവരേയും കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണങ്ങൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.



