കുവൈത്ത് സിറ്റി – അക്കൗണ്ടില്‍ തെറ്റായി എത്തിയ തുക തിരികെ നല്‍കാന്‍ വിസമ്മതിച്ചതിന് കുവൈത്തി ഉദ്യോഗസ്ഥനെ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും ക്രിമിനല്‍ കോടതി ഉത്തരവിട്ടു. തെറ്റായി അക്കൗണ്ടിലെത്തിയ 4,300 കുവൈത്തി ദീനാര്‍ പ്രതി തിരിച്ചുനല്‍കണമെന്നും വിധിയുണ്ട്.
ഇതിന്റെ ഇരട്ടി തുക പ്രതിക്ക് പിഴ ചുമത്തിയിട്ടുമുണ്ട്. സഹകരണ സൊസൈറ്റിയില്‍ നിന്നുള്ള സര്‍വീസ് അലവന്‍സ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. അബദ്ധം സംഭവിച്ചത് കണ്ടെത്തിയിട്ടും ഈ തുക തിരികെ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ നിയമ നടപടി സ്വീകരിച്ചത്.
അതിനിടെ, അര്‍ഹതയില്ലാത്തവര്‍ക്കും മരണപ്പെട്ടവര്‍ക്കും വേതനം വിതരണം ചെയ്ത് 50 ലക്ഷം കുവൈത്തി ദീനാറിന്റെ നാശനഷ്ടം പൊതുഫണ്ടിന് വരുത്തിവെച്ചു എന്ന ആരോപണത്തില്‍ നിന്ന് പബ്ലിക് അതോറിറ്റി ഫോര്‍ ഡിസേബിലിറ്റി അഫയേഴ്‌സ് മുന്‍ ഡയറക്ടര്‍ ജനറല്‍ അടക്കം ഏതാനും പേരെ കുറ്റവിമുക്തരാക്കിയ ക്രിമിനല്‍ കോടതി വിധി കുവൈത്ത് അപ്പീല്‍ കോടതി ശരിവെച്ചു.