കുവൈത്ത് സിറ്റി/അബുദാബി– ഇറാൻ്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് കുവൈത്തിലും യുഎഇയിലും വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളും പരിക്കുകളും റിപ്പോർട്ട് ചെയ്തു. കുവൈത്തിന്റെ വടക്കൻ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ആറുപേർക്ക് പരിക്കേറ്റതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ആക്രമണമുണ്ടായ ഉടൻതന്നെ മെഡിക്കൽ എമർജൻസി ടീമുകളും ആംബുലൻസ് സർവീസുകളും സജ്ജമായതിനാൽ പരിക്കേറ്റവർക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കാൻ സാധിച്ചു. പരിക്കേറ്റ രണ്ട് സ്ത്രീകൾക്ക് സംഭവസ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകിയപ്പോൾ, മറ്റൊരാളെ വിദഗ്ധ പരിശോധനകൾക്കായി അൽ ജഹ്റ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
ഇതിനുപുറമെ മൂന്നുപേർ സ്വന്തം നിലയ്ക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിട്ടുണ്ട്. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് ശരീരത്തിലുണ്ടായ മുറിവുകൾ, സ്‌ഫോടനത്തിന്റെ ആഘാതത്തിൽ വീണുണ്ടായ പരിക്കുകൾ, ഉഗ്രശബ്ദം മൂലമുള്ള താത്കാലിക കേൾവിക്കുറവ് എന്നിവയാണ് ഇവർ നേരിട്ടതെന്ന് അധികൃതർ വ്യക്തമാക്കി.
യുഎഇയിലെ ഫുജൈറയിൽ ‘ഡു’ (Du) ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ കെട്ടിടത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. അതേസമയം, അബുദാബിയിലെ മുസഫ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ‘റനീൻ സിസ്റ്റംസ്’ കമ്പനി പരിസരത്ത് മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഘാന സ്വദേശിയായ ഒരാൾക്ക് നിസ്സാര പരിക്കേറ്റു. യുഎഇ വ്യോമ പ്രതിരോധ സേന മിസൈൽ വിജയകരമായി തകർത്തതിനെത്തുടർന്ന് അതിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിക്കുകയായിരുന്നുവെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. നിലവിൽ മേഖലയിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയിട്ടുണ്ട്.



