കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന ഊർജിത പൗരത്വ അന്വേഷണത്തിനിടെ, 17 പേരെ വ്യാജമായി സ്വന്തം മക്കളായി രജിസ്റ്റർ ചെയ്ത് വൻ തട്ടിപ്പ് നടത്തിയ കുവൈത്തി പൗരനെ അധികൃതർ കണ്ടെത്തി. ഇയാളുടെ പേര് 33 മക്കളെ രജിസ്റ്റർ ചെയ്തിരുന്നു, ഇതിൽ 16 പേർ യഥാർഥ മക്കളും 17 പേർ വ്യാജമായി രജിസ്റ്റർ ചെയ്തവരുമാണ്. പണം വാങ്ങി 15 ഗൾഫ് പൗരന്മാരെയും 2 സിറിയക്കാരെയും കുവൈത്ത് പൗരത്വത്തിനായി രജിസ്റ്റർ ചെയ്തതായി വ്യക്തമായി.
ഈ 17 പേർ വഴി 926 പേർ വ്യാജമായി കുവൈത്ത് പൗരത്വം നേടി, ഇതിൽ ഒരാളുടെ ഭാര്യ, മക്കൾ, ബന്ധുക്കൾ എന്നിവർ ഉൾപ്പെടെ 222 പേരും മറ്റൊരാളുടെ കീഴിൽ 142 പേരും മൂന്നാമന്റെ കീഴിൽ 132 പേരും ഉൾപ്പെടുന്നു. അവസാന 4 പേർക്കെതിരെ അന്വേഷണം തുടരുകയാണ്, ഇത് പൂർത്തിയാകുമ്പോൾ പൗരത്വം നേടിയവരുടെ എണ്ണം 1000 കവിയുമെന്ന് കരുതുന്നു.
വ്യാജമായി പൗരത്വം നേടിയതായി ഇതിനകം കണ്ടെത്തിയ എല്ലാവരുടെയും കുവൈത്ത് പൗരത്വങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. വ്യവസായികൾ, മാധ്യമപ്രവർത്തകർ, സിനിമാ-സീരിയൽ താരങ്ങൾ, മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ ആയിരക്കണക്കിന് പേരുടെ പൗരത്വം സമീപ മാസങ്ങളിൽ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.