കുവൈത്ത് സിറ്റി – കുവൈത്തിലെ അരിഫ്ജാന്‍ അമേരിക്കന്‍ സൈനിക താവളത്തില്‍ ബെല്‍റ്റ് ബോംബ് സ്‌ഫോടനം നടത്താന്‍ സഹസൈനികനെ പ്രേരിപ്പിക്കുകയും ബോംബ് നിര്‍മാണം പഠിക്കുകയും ഐ.എസിനെ പിന്തുണക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ സൈനികന് അപ്പീല്‍ കോടതി വിധിച്ച 10 വര്‍ഷത്തെ തടവ് ശിക്ഷ പരമോന്നത കോടതി ശരിവെച്ചു. കേസില്‍ മറ്റ് രണ്ട് പ്രതികളെ കോടതി വെറുതെവിട്ടു.
ഐ.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കല്‍, യു.എസ് സൈനിക താവളമായ ക്യാമ്പ് അരിഫ്ജാനില്‍ ബെല്‍റ്റ് ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിടല്‍ എന്നീ ആരോപണങ്ങളാണ് പ്രതികള്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. പ്രതികളെ ദേശീയ സുരക്ഷാ ഏജന്‍സിയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ പ്രതികള്‍ കോടതിയില്‍ നിഷേധിച്ചു.
ഭീകര സംഘടനയായ ഐ.എസില്‍ അംഗമാണെന്ന് ആരോപിക്കപ്പെട്ട മുഖ്യപ്രതിക്ക് സൈനിക സ്‌കൂളിലും യു.എസ് സൈനിക താവളത്തിലും ബോംബാക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ 2024 ഒക്ടോബര്‍ 20 ന് അപ്പീല്‍ കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച 17 വര്‍ഷത്തെ തടവ് ശിക്ഷ അപ്പീല്‍ കോടതി 10 വര്‍ഷമായി ഭേദഗതി ചെയ്യുകയായിരുന്നു. ശിക്ഷ അനുഭവിച്ചതിന് ശേഷം അഞ്ച് വര്‍ഷം പ്രതിയെ നിരീക്ഷണത്തിലാക്കാനും കോടതി വിധിച്ചു. കുവൈത്ത് അമീറിനെ അപമാനിച്ചെന്നും ഐ.എസ് നേതാക്കള്‍ക്കും യെമനിലെ അല്‍ഖാഇദ നേതാക്കള്‍ക്കും അനുസരണ പ്രതിജ്ഞ ചെയ്‌തെന്നുമുള്ള ആരോപണങ്ങളും ഇയാള്‍ക്കെതിരെ ചുമത്തി.
ഐ.എസ് അംഗമാണെന്നും ക്യാമ്പ് അരിഫ്ജാനില്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നും ആരോപിക്കപ്പെട്ട മൂന്ന് കുവൈത്തി പൗരന്മാരെ വിട്ടയക്കാന്‍ 2024 ഓഗസ്റ്റ് 6 ന് ക്രിമിനല്‍ കോടതി വിസമ്മതിച്ചിരുന്നു.
മറ്റൊരു സംഭവത്തില്‍, ഐ.എസില്‍ ചേരുകയും ഭീകരവാദ സംഘടനയെ പിന്തുണച്ച് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യുകയും ഐ.എസില്‍ ചേരാന്‍ ആവശ്യപ്പെടുകയും ചെയ്തതിന് മറ്റൊരു കുവൈത്തി യുവാവിനെ കോടതി അഞ്ച് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ഭീകര സംഘടനയായ ഐ.എസില്‍ ചേര്‍ന്നെന്നും സംഘടനയില്‍ ചേരാന്‍ ആഹ്വാനം ചെയ്‌തെന്നും സോഷ്യല്‍ മീഡിയയിലൂടെ ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നും കുവൈത്ത് അമീറിനെയും ഗള്‍ഫ്, അറബ് രാജ്യങ്ങളിലെ ഭരണാധികാരികളെയും അപമാനിച്ചെന്നുമുള്ള ആരോപണങ്ങളാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ ഉന്നയിച്ചത്.
വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രതി കുവൈത്ത് വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റിലായത്. ഐ.എസ് വീഡിയോകള്‍ കണ്ടതിന് ശേഷം 2021 ജനുവരിയില്‍ ഐ.എസില്‍ ചേര്‍ന്നതായി പ്രതി വിചാരണക്കിടെ സമ്മതിച്ചു. രാസവസ്തുക്കള്‍ കലര്‍ത്തി സ്‌ഫോടകവസ്തുക്കള്‍ എങ്ങിനെ നിര്‍മിക്കാമെന്ന് കാണിക്കുന്ന ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാനായി സാമൂഹികമാധ്യമങ്ങളില്‍ പ്രതി രണ്ട് അക്കൗണ്ടുകളും തുറന്നിരുന്നു.