കുവൈത്ത് സിറ്റി – കൊലപാതക കേസില്‍ കുവൈത്ത് രാജകുടുംബാംഗത്തിന് വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. കുവൈത്തി യുവാവ് അബ്ദുല്‍ അസീസ് അല്‍സഅ്തരിയെ കൊലപ്പെടുത്തിയ ശൈഖ് സ്വബാഹ് സാലിം അല്‍സ്വബാഹിനാണ് വധശിക്ഷ. 2022 ല്‍ മുബാറക് അല്‍കബീറില്‍ ആണ് കേസിനാസ്പദമായ സംഭവം. കുവൈത്തി യുവാവ് അബ്ദുല്‍ അസീസ് അല്‍സഅ്തരിയെ സ്വന്തം വീടിനു മുന്നില്‍ വെച്ച് പ്രതി പന്ത്രണ്ടു തവണ നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. തിരിച്ചറിയാതിരിക്കുന്നതിന് സംഭവ സമയത്ത് പ്രതി ഹെല്‍മെറ്റ് ധരിച്ചിരുന്നു. കൃത്യത്തിനു ശേഷം പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം നടത്താന്‍ പ്രതി ഉപയോഗിച്ച തോക്കും കണ്ടെടുത്തിരുന്നു.
മറ്റൊരു കൊലപാതക കേസിലെ പ്രതികള്‍ക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷയും അപ്പീല്‍ കോടതി ശരിവെച്ചു. കുവൈത്തി പൗരന്‍ മുബാറക് അല്‍റശീദിയെ കൊലപ്പെടുത്തിയ കുവൈത്തി പൗരനും പങ്കാളിയായ ഈജിപ്തുകാരനുമാണ് ശിക്ഷ. മുബാറക് അല്‍റശീദിയെ രണ്ടു മാസമായി കാണാതായതായി സുരക്ഷാ വകുപ്പുകള്‍ക്ക് പരാതി ലഭിക്കുകയായിരുന്നു. അല്‍സാല്‍മി ഏരിയയില്‍ കൊല്ലപ്പെട്ട നിലയില്‍ പിന്നീട് മുബാറക് അല്‍റശീദിയെ കണ്ടെത്തി. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് അല്‍റശീദിയുടെ ശിരസ്സിന് താന്‍ അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. മൃതദേഹം അല്‍സാല്‍മി ഏരിയയില്‍ എത്തിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഒന്നാം പ്രതിയെ രണ്ടാം പ്രതിയായ ഈജിപ്തുകാരന്‍ സഹായിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group