കുവൈത്ത് സിറ്റി – കുവൈത്ത് ധനമന്ത്രി നൂറ അല്‍ഫസ്സാം രാജി സമര്‍പ്പിച്ചു. നൂറ അല്‍ഫസ്സാമിന്റെ രാജി സ്വീകരിച്ച് വൈദ്യുതി മന്ത്രി സുബൈഹ് അല്‍മുഖൈസിമിനെ ആക്ടിംഗ് ധനമന്ത്രിയായി നിയമിച്ച് കുവൈത്ത് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും ഇന്‍ഡസ്ട്രിയല്‍ ആന്റ് സിസ്റ്റംസ് എന്‍ജിനീയറിംഗില്‍ ബിരുദവും നേടിയ നൂറ അല്‍ഫസ്സാമിനെ 2024 ഓഗസ്റ്റ് 25 ന് നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് ധനമന്ത്രിയായും സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രിയായും നിയമിച്ചത്. മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ്, കുവൈത്തിലെ ബൗബിയാന്‍ ബാങ്കില്‍ സ്ട്രാറ്റജിക് പ്ലാനിംഗ് മേധാവിയായി സേവനമനുഷ്ഠിച്ചു. കോര്‍പ്പറേറ്റ് ഫിനാന്‍സിലും ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗിലും 23 വര്‍ഷത്തിലേറെ പരിചയസമ്പത്തുണ്ട്.
നൂറ അല്‍ഫസ്സാം ധനമന്ത്രിയായിരിക്കെ, പൊതു കടം നിയന്ത്രിക്കാനുള്ള ദീര്‍ഘകാല ചട്ടക്കൂട് സ്ഥാപിച്ചുകൊണ്ട് മാര്‍ച്ചില്‍ സര്‍ക്കാര്‍ പൊതു കട നിയമം പാസാക്കി. 50 വര്‍ഷം വരെ കാലാവധിയുള്ള ബോണ്ടുകള്‍ പുറത്തിറക്കാന്‍ നിയമം സര്‍ക്കാരിനെ അനുവദിക്കുന്നു. പൊതു കട പരിധി 30 ബില്യണ്‍ കുവൈത്ത് ദീനാര്‍ (98.18 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍) ആയും നിയമം നിശ്ചയിച്ചു.