കുവൈത്ത് സിറ്റി – കുവൈത്തി നടിയും സെലിബ്രിറ്റിയുമായ റവാന്‍ ബിന്‍ ഹുസൈനെ ദുബൈ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിട്ടയച്ച് കുവൈത്തിലേക്ക് നാടുകടത്തി. ഒരു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷമാണ് റവാന്‍ ബിന്‍ ഹുസൈനെ ജയിലില്‍ നിന്ന് വിട്ടയച്ച് നാടുകടത്തിയത്. വിമാനത്തിനകത്തു നിന്നുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പുറത്തുവിട്ട് റവാന്‍ ബിന്‍ ഹുസൈന്‍ തന്നെയാണ് ജയില്‍മോചന വാര്‍ത്ത അറിയിച്ചത്. ജയിലിനുള്ളില്‍ നിന്നാണ് റവാന്‍ ഇതിനു മുമ്പ് ഏറ്റവും ഒടുവില്‍ സാമൂഹികമാധ്യമത്തില്‍ സന്ദേശം പോസ്റ്റ് ചെയ്തത്. മാതൃദിനത്തോടനുബന്ധിച്ച് മകളുടെ ഹൃദയസ്പര്‍ശിയായ ഓഡിയോ ക്ലിപ്പ് പങ്കിട്ട റവാന്‍, മകളോടുള്ള അഗാധമായ സ്‌നേഹം പ്രകടിപ്പിക്കുകയും തടങ്കലില്‍ കഴിയുമ്പോള്‍ മാതൃത്വമാണ് തന്റെ ശക്തിയുടെയും ക്ഷമയുടെയും ഉറവിടമെന്ന് പറയുകയും ചെയ്തു.
തന്റെ ഏക മകളോടുള്ള അതിരറ്റ അഭിമാനവും അവളോടുള്ള അഗാധമായ സ്‌നേഹവും ഇഷ്ടവും പറഞ്ഞ് റവാന്‍ കരഞ്ഞു. വീണ്ടും ഒന്നിക്കുന്നതുവരെ ശക്തയായിരിക്കാന്‍ മകളോട് റവാന്‍ ആവശ്യപ്പെട്ടു. എന്റെ മകളായി നിന്നെ ലഭിച്ചതില്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്. എന്നെ ഒരു അമ്മയാക്കിയതിന് നന്ദി. ഞാന്‍ ധീരയും ശക്തയുമായതിന്റെ കാരണം നീയാണ്. താമസിയാതെ, അമ്മ നിന്റെ അടുത്തേക്ക് മടങ്ങിവരും. നമ്മള്‍ കുവൈത്തില്‍ മടങ്ങിയെത്തും. അവിടെ നിനക്ക് നിന്റെ ബന്ധുക്കളെ കാണാനാകും. ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു. നിന്നെ വീണ്ടും ചേര്‍ത്തുപിടിക്കാന്‍ എനിക്ക് കാത്തിരിക്കാനാവില്ല. ഓര്‍ക്കുക, നിന്റെ അമ്മയുടെ ഹൃദയത്തില്‍ നീയാണ് ഒന്നാം സ്ഥാനത്തെന്നും സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ റവാന്‍ ബിന്‍ ഹുസൈന്‍ പറഞ്ഞു. ഈ സന്ദേശം സാമൂഹികമാധ്യമ ഉപയോക്താക്കളുടെ വ്യാപകമായ ശ്രദ്ധ നേടി.
2025 ല്‍ ദുബൈയില്‍ പൊതുസ്ഥലത്ത് മദ്യലഹരിയില്‍ കുഴപ്പമുണ്ടാക്കിയതിനാണ് അധികൃതര്‍ റവാനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ പോലീസ് ഉദ്യോഗസ്ഥരെ റവാന്‍ കൈയേറ്റം ചെയ്യുകയും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു. ഈ കേസില്‍ ദുബൈ ക്രിമിനല്‍ കോടതി കഴിഞ്ഞ മാര്‍ച്ചില്‍ റവാന് ആറ് മാസം തടവും 20,000 യു.എ.ഇ ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം കുവൈത്തി നടിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട സിവില്‍ കേസ് ക്രിമിനല്‍ കോടതി പ്രത്യേക കോടതിയിലേക്ക് റഫര്‍ ചെയ്തു. ജയിലില്‍ വെച്ച് ജയില്‍ ഉദ്യോസ്ഥയെ ആക്രമിച്ച കേസില്‍ ഇവര്‍ക്ക് പിന്നീട് ആറു മാസം തടവ് ശിക്ഷ കൂടി കോടതി വിധിച്ചിരുന്നു.



