കുവൈത്ത് സിറ്റി: കുവൈത്ത് അമീറിനെ അപമാനിക്കുകയും അമീറിന്റെ അധികാരങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് നേരത്തെ ക്രിമിനൽ കോടതി ശിക്ഷിച്ച മുൻ നാഷണല്‍ അസംബ്ലി അംഗങ്ങളുടേയും ഒരു സ്ഥാനാർത്ഥിയുടേയും ശിക്ഷ കുവൈത്ത് പരമോന്നത കോടതി കൂടുതൽ കടുപ്പിച്ചു. നാലു പേരുടെ ശിക്ഷ വർധിപ്പിക്കുകയും മറ്റൊരാളുടെ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. കോർട്ട് ഓഫ് കസേഷൻ എന്നറിയപ്പെടുന്ന പരമാധികാര കോടതി വിധി കുവൈത്തിൽ അന്തിമമാണ്. ഈ വിധിയെ ചോദ്യം ചെയ്യാൻ കഴിയില്ല.
മുൻ എംപി വലീദ് അൽ തബഅതാബിഇയുടെ തടവ് ശിക്ഷ രണ്ടു വർഷത്തിൽ നിന്ന് നാലു വർഷമാക്കി വർധിപ്പിച്ചു. നേരത്തെ ക്രിമിനൽ കോടതി നാലു വർഷ തടവു ശിക്ഷ വിധിച്ചിരുന്നെങ്കിലും ഇതു പിന്നീട് അപ്പീൽ കോടതി രണ്ടു വർഷമാക്കി ചുരുക്കിയതായിരുന്നു.
ക്രിമിനൽ കോടതി രണ്ടു വർഷം തടവിന് ശിക്ഷിക്കുകയും പിന്നീട് അത് അപ്പീൽ കോടതി റദ്ദാക്കുകയും ചെയ്ത മുൻ എംപി ഹമദ് അൽ അൽയാനെതിരായ ശിക്ഷാ വിധി പരമോന്നത കോടതി പുനസ്ഥാപിച്ചു. അമീറിന്റെ അധികാരത്തെ ചോദ്യം ചെയ്ത് ട്വീറ്റ് ചെയ്ത കേസിലാണ് ഈ വിധി.
ക്രിമിനൽ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിക്കുകയും പിന്നീട് അപ്പീൽ കോടതി റദ്ദാക്കുകയും ചെയ്ത മുൻ എംപി അൻവർ അൽഫികറിന്റെ ശിക്ഷയും കോടതി പുനസ്ഥാപിച്ചു. പ്രധാനമന്ത്രിയുടെ നിയമനം സംബന്ധിച്ച അമീറിനെതിരായ പ്രസ്താവന ഇറക്കിയതിനാണ് ശിക്ഷ.
2024ലെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന മുസാഅദ് അൽ ഖുറൈഫയുടെ ശിക്ഷ രണ്ടു വർഷത്തിൽ നിന്ന് നാലു വർഷമാക്കി വർധിപ്പിച്ചു. അമീറിന്റെ നടപടികളെ ചോദ്യം ചെയ്തായിരുന്നു കുറ്റം.
അമീറിന്റെ നടപടികളെ ചോദ്യം ചെയ്ത കേസിൽ മുൻ എംപി ഹുസൈൻ അൽ ഖല്ലാഫിന്റെ രണ്ടു വർഷ തടവു ശിക്ഷ പരമോന്നത കോടതി ശരിവച്ചു.
വോട്ടു കച്ചവടം നടത്തിയെന്ന കേസിൽ മുൻ എംപി സഅദൂൻ ഹമ്മാദിനെതിരായ ശിക്ഷാ വിധി പരമോന്നത കോടതി റദ്ദാക്കിയെങ്കിലും അദ്ദേഹത്തിനെതിരെ ശിക്ഷ വിധിച്ചില്ല.
ജഡ്ജിയെ അപമാനിച്ച കേസിൽ മുന്‍ എം.പി അബ്ദുല്ല ഫഹാദിന്റെ ആറു മാസത്തെ തടവ് ശിക്ഷ മൂന്നു വര്‍ഷത്തേക്ക് നിര്‍ത്തിവച്ച അപ്പീല്‍ കോടതി വിധിയും പരമോന്നത കോടതി ശരിവച്ചു.