കുവൈത്ത് സിറ്റി– സാമൂഹിക, കുടുംബകാര്യ മന്ത്രി ഡോ. അംസാല്‍ അല്‍ഹുവൈലയുടെ അധികാരങ്ങള്‍ പിന്‍വലിച്ചെന്ന നിലക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം നിഷേധിച്ചു. ഈ അവകാശവാദങ്ങള്‍ക്ക് നിയമപരമോ ഭരണപരമോ ആയ അടിസ്ഥാനമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രി തന്റെ കടമകളും അധികാരങ്ങളും ഭരണഘടനാപരവും നിയമപരവുമായ ചട്ടക്കൂടുകള്‍ക്കനുസൃതമായി പൂര്‍ണ്ണമായും വിനിയോഗിക്കുന്നുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. വിവരങ്ങള്‍ പങ്കിടുന്നതിന് മുമ്പ് അവയുടെ നിജസ്ഥിതി പരിശോധിക്കാനും ഔദ്യോഗികവും അംഗീകൃതവുമായ ഉറവിടങ്ങളെ സമീപിച്ച് സത്യാവസ്ഥ ഉറപ്പുവരുത്താനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
സാമൂഹിക, കുടുംബകാര്യ മന്ത്രിയുടെ അധികാരങ്ങള്‍ പിന്‍വലിച്ചെന്ന വിവരങ്ങള്‍ പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തില്‍ അറ്റോര്‍ണി ജനറലിന് ഔദ്യോഗിക പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ പ്രൊഫഷണല്‍, ദേശീയ ഉത്തരവാദിത്തം പാലിക്കേണ്ടതിന്റെയും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുന്നതിന്റെയും പ്രാധാന്യം സാമൂഹിക, കുടുംബകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.



