കുവൈത്ത് സിറ്റി – കുവൈത്തിൽ 67 സൗജന്യ സേവനങ്ങൾക്ക് ഫീസ് ചുമത്താനൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം.
നിലവിലുള്ള എല്ലാ സേവനങ്ങളുടെയും പുനർവില നിശ്ചയിക്കും. അവയിൽ ചിലത് 17മടങ്ങ് വർദ്ധിച്ചേക്കും.
പ്രവർത്തന ചെലവുകൾക്ക് അനുസൃതമായി സേവന നിരക്കുകൾ അവലോകനം ചെയ്യാനും നവീകരിക്കാനും സർക്കാർ ഏജൻസികൾ ധനമന്ത്രാലയവുമായി ഏകോപിപ്പിക്കണമെന്ന മന്ത്രിസഭാ നിർദേശത്തെ തുടർന്നാണ് ഈ നീക്കം.
സൗജന്യമായിരുന്ന കമ്പനി എസ്റ്റാബ്ളിഷ്മെന്റ് സേവനങ്ങൾക്ക് 20 കുവൈത്ത് ദിനാർ ഈടാക്കാനാണ് തീരുമാനം. ലാഭേച്ഛ കൂടാതെയുള്ള കമ്പനികളാണെങ്കിൽ പോലും സേവനങ്ങൾക്ക് ഫീസ് ഈടാക്കും.
മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന മറ്റ് സൗജന്യ സേവനങ്ങൾക്കും ഫീസ് നിശ്ചയിച്ചിട്ടുണ്ട്. വ്യക്തിഗത കമ്പനികളുടെ സാമ്പത്തിക വർഷം ഭേദഗതി ചെയ്യുന്നതിനുള്ള അപേക്ഷകൾ, മോർട്ട്‌ഗേജുകളും വാണിജ്യ ഏജൻസികളും എഴുതിത്തള്ളൽ, മത്സ്യം, കാലിത്തീറ്റ, കന്നുകാലികൾ, പച്ചക്കറികൾ, പഴങ്ങൾ, പക്ഷികൾ എന്നിവയ്ക്കുള്ള ബ്രോക്കറേജ് സേവനങ്ങൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.
കമ്പനി ലൈസൻസുകൾ പുതുക്കൽ, ബോർഡ് അംഗ സർട്ടിഫിക്കറ്റുകൾ നൽകൽ, പ്രൊഫഷണൽ അക്കൗണ്ടിംഗ് ലൈസൻസുകൾ എന്നിവയ്ക്കുള്ള ഫീസിലും ശ്രദ്ധേയമായ വർധനവുണ്ടാകും. റേഷൻ കാർഡ് ഇഷ്യൂ ചെയ്യുന്നതിനുള്ള പുതുക്കൽ ഫീസ് 5 ൽ നിന്ന് 10 ദിനാറാക്കും.