കുവൈത്ത് സിറ്റി– അടിയന്തര ആവശ്യങ്ങളില്‍ അതിവേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ ഫസ്റ്റ് റെസ്‌പോന്‍ഡര്‍ പദ്ധതി ആരംഭിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ദൂരപ്രദേശങ്ങളിലും ജനസാന്ദ്രത കൂടിയ മേഖലകളിലും ആവശ്യക്കാര്‍ക്ക് സേവനം പെട്ടെന്ന് തന്നെ എത്തിക്കാന്‍ കഴിയുന്ന രൂപത്തിലാണ് പദ്ധതി സജ്ജീകരിച്ചിരിക്കുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ ആശുപത്രിയില്‍ രോഗികളെ എത്തിക്കുന്നതിന് മുന്‍പ് പ്രാഥമിക ചികിത്സ നല്‍കി ജീവന്‍ നിലനിര്‍ത്തുകയെന്നാണ് ലക്ഷ്യം. രാജ്യാന്തര തലത്തില്‍ വേഗതയും ഗുണനിലവാരവുമുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന് രൂപം നല്‍കുന്നതിലൂടെ ചികിത്സയിലെ സങ്കീര്‍ണതകള്‍ കുറച്ച് ഓരോ മനുഷ്യ ജീവനും സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്‌മദ് അല്‍ അവാദി പറഞ്ഞതായി കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച ആരംഭിച്ച ഈ പദ്ധതി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തര മെഡിക്കല്‍ വിഭാഗവും മതകാര്യ വകുപ്പും സംയുക്തമായാണ് നടപ്പിലാക്കുന്നത്. മെഡിക്കല്‍ സഹായങ്ങള്‍ പെട്ടെന്നും ഗുണകരവുമായ രീതിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന പദ്ധതി രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ വളര്‍ച്ചയെയാണ് പ്രതിനിധീകരിക്കുന്നത്. പ്രത്യേക ഉപകരണങ്ങൾ സജ്ജീകരിച്ച 28 വാഹനങ്ങളാണ് കുവൈത്തിലെ വിവിധ ഭാഗങ്ങളിലെ ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കിയിരിക്കുന്നത്. ഓരോ വാഹനങ്ങളിലും പ്രാഥമിക ശുശ്രൂശക്ക് പ്രത്യേകം പരിശീലനം ലഭിച്ചയാളുടെയും പാരാമെഡികിൻ്റെ സേവനവും ലഭ്യമായിരിക്കും. ഇതിനു പുറമെ ചികിത്സ ഉപകരണങ്ങളും ഓക്‌സിജന്‍ ടാങ്കുകള്‍, ഐവി, അത്യാഹിത മരുന്നുകള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളും ലഭ്യമാണ്. ഔഖാഫ് മന്ത്രാലയത്തിനു കീഴിയിലുള്ള ഫഖ്ഫ് ഹെല്‍ത്ത് കെയറാണ് പദ്ധതിക്കുള്ള സാമ്പത്തിക പിന്തുണ നല്‍കുന്നത്.